പരിശീലകരുടെ പോരാട്ടമായി ലൂസേഴ്സ് ഫൈനൽ

ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരുടെ കൂടി പോരാട്ടമാണ് ലൂസേഴ്സ് ഫൈനല്‍. സൗത്ത്ഗേറ്റും മാര്‍ട്ടിനെസും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

മാര്‍ട്ടിനെസും സൗത്ത്ഗേറ്റും വീണ്ടുംനേര്‍ക്കുവരുന്നു. തന്ത്രങ്ങളില്‍ ഒന്നിനൊന്ന് കേമന്മാരെന്ന് തെളിയിച്ചവര്‍. 28വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടിനെ ലോകകപ്പിന്റെ സെമിയിത്തിച്ച പെരുമയാണ് സൗത്ത്ഗേറ്റിന് പറയാനുള്ളത്. ലോകകപ്പില്‍ ഇതുവരെ പെനല്‍റ്റിഷൂട്ടൗട്ടില്‍ വിജയിച്ചിട്ടില്ലെന്ന ശാപവും മാറ്റിയെഴുതി. 1996 യൂറോകപ്പിനിടെ തനിക്ക് പിഴച്ചത് ഇനിയുണ്ടാകരുതെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. കൊളംബിയയ്ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞുവെന്ന് വിലയിരുത്തിയവരുണ്ട്.

എന്നാല്‍ ചരിത്രം തിരുത്താനുള്ളതാണെന്ന് സൗത്ത്ഗേറ്റ് തെളിയിച്ചു. പക്ഷെ ചരിത്രനേട്ടം ലക്ഷ്യംവച്ചെത്തിയ ഇംഗ്ലീഷ് പടയുടെ തേരോട്ടം സെമിയില്‍ അവസാനിച്ചിരിക്കുന്നു. യുവതാരങ്ങളുടെ കൂട്ടായ്മയില്‍ ഖത്തര്‍ ലോകകപ്പ് ലക്ഷ്യംവയ്ക്കുകയാണ് സൗത്ത്ഗേറ്റ്.  മറുവശത്ത് സുവര്‍ണ തലമുറയെ ജയിക്കാന്‍ പഠിപ്പിച്ചവനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്. പ്രതിഭകളുടെ ധാരാളിത്തം ടീമിന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചുവളര്‍ന്ന ഈ സ്പാനിഷ് പരിശീലകന് ബെല്‍ജിയം താരങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞൂവെന്നതാണ് വിജയരഹസ്യം. പല ഭാഷകള്‍ സംസാരിക്കുന്നവരെ ഫുട്ബോളെന്ന വികാരത്തില്‍ ഒന്നിപ്പിച്ചു. കറുത്ത കുതിരകളെന്ന പതിവ് വിശേഷണം മാറ്റി ടൂര്‍ണമെന്റ് ഫേവറേറ്റുകളാക്കി. മാര്‍ട്ടിനെസിന് കീഴിലിറങ്ങിയ ബെല്‍ജിയം 26 മല്‍സരങ്ങളില്‍ സെമിയിലെ തോല്‍വിയടക്കം രണ്ടെണ്ണം മാത്രമാണ് ജയിക്കാതിരുന്നത്. വിജയങ്ങള്‍ പലത് പറയാനുണ്ടെങ്കിലും ലോകകപ്പ് സ്വപ്നം അവശേഷിപ്പിച്ചുകൊണ്ടാണ് മടക്കം. ഇനി അടുത്ത യൂറോകപ്പില്‍ കാണാമെന്ന പ്രതീക്ഷയോടെ....