ആഹ്ലാദമടക്കാനാകാതെ മറഡ‍ോണ; നടുവിരല്‍ ഉയര്‍ത്തി വിവാദം; ശേഷം ആശുപത്രിയില്‍

കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ജയിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഗോള്‍ വീണ രണ്ടുതവണയും ഗാലറിയില്‍ മറ്റൊരു 'വിഐപി' ആഘോഷം ലൈവായി നടന്നു. സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റ് ആഘോഷിക്കുന്ന ഡീഗോ മറഡോണ. എന്നാല്‍ മത്സരശേഷം മറഡ‍ോണയെ ഗാലറിയില്‍ കണ്ടില്ല. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗോളാഘോഷത്തിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് സ്റ്റേഡിയത്തില്‍ വെച്ചുതന്നെ മറഡോണക്ക് ചികിത്സ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പതിന്നാലാം മിനിട്ടിലെത്തിയ മെസ്സിഗോളിന് പിന്നാലെ കൈകള്‍ നെഞ്ചോടടക്കി ആഘോഷിക്കുന്ന മറഡോണയെ കാമറക്കണ്ണുകള്‍ പകര്‍ത്തി. റോഹോയുടെ വിജയഗോളിന് നടുവിരല്‍ ഉയര്‍ത്തി ആര്‍പ്പുവിളിച്ചായിരുന്നു ആഹ്ലാദപ്രകടനം. മത്സരത്തിലുടനീളം വികാരഭരിതനായിരുന്നു താരം. 

ക്രൊയേഷ്യക്കെതിരായ ദയനീയതോല്‍വിയില്‍ മനംനൊന്ത് മറഡോണ പൊട്ടിക്കരയുകയായിരുന്നു.  ഒരു സമനിലയും തോല്‍വിയുമുള്‍പ്പെടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു മെസ്സിയെയും സംഘത്തെയും പിന്തുണച്ച് പലപ്പോഴായി മറഡോണ രംഗത്തെത്തിയിരുന്നു. ഗോളടിക്കാത്തതിനും മെസ്സി നിരന്തരം ആക്ഷേപങ്ങള്‍ നേരിട്ടപ്പോഴും മറഡോണ തള്ളിപ്പറഞ്ഞില്ല. 

1986ല്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത് മറഡോണയുടെ നേതൃത്വത്തിലാണ്.