ഐപിഎല്ലില്‍ രണ്ടു ചേരിയിലാണെങ്കിലും കളത്തിനകത്തും പുറത്തും ‘ബെസ്റ്റ് ബഡ്ഡീസ്’ ആണെന്ന് പലതവണ തെളിയിച്ചിട്ടുള്ളവരാണ് യുവരാജ് സിങ്ങും ആശിഷ് നെഹ്റയും. കിങ്സ് ഇലവന് പഞ്ചാബ് താരമാണ് യുവരാജ് സിങ്. നെഹ്റയാകട്ടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബോളിങ് പരിശീലകനും.
ബാംഗ്ലൂര്‍–പഞ്ചാബ് മത്സരത്തിന് മുന്‍പുള്ള നെഹ്റ–യുവി ബോണ്ടിംഗ് സെഷന്റെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഗ്രൗണ്ടില്‍ പരസ്പരം നോക്കി ചുവടുവെക്കുന്നതും കെട്ടിപ്പിടിക്കുന്നതും വിഡിയോയില്‍ കാണാം. രസികന്‍ താരങ്ങളെന്ന വിശേഷണം ശരിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇരുതാരങ്ങളും.
1999ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു നെഹ്റയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. 2000ല്‍ കെനിയക്കെതിരെയാണ് യുവി ആദ്യമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഇരുവരുമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും നെഹ്റ വിരമിച്ചത്. ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ–ന്യൂസിലാന്‍ഡ് മത്സരത്തോടെ നെഹ്റ ക്രീസിനോട് വിട പറഞ്ഞു. അന്ന് വികാരനിര്‍ഭരമായ കുറിപ്പെഴുതിയാണ് പ്രിയ സുഹൃത്തിന് യുവി യാത്രയയപ്പ് നല്‍കിയത്.