രാഹുൽ പൊട്ടിക്കരഞ്ഞു; ആശ്വാസശ്വാസമെടുത്ത് രോഹിത്; പഞ്ചാബിനെ കരയിപ്പിച്ച അവസാന ഓവർ; വിഡിയോ

അത് ഒരു ഒന്നൊന്നര ഓവർ ആയിരുന്നു. ജയപരാജയങ്ങൾ മാറിമറഞ്ഞ ആ ഒറ്റ ഓവർ. ആ ഓവറോടെ മുംബൈ ജീവശ്വാസം വീണ്ടെടുത്തു. പഞ്ചാബ് ഡ്രസിംഗ് റൂം മരണവീടു പോലെ മൂകമായി. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബ് മത്സരം വികാരഭരിതമായ മുഹുർത്തങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. ഓരോ പന്തും ഉയർത്തി വിട്ട ആരവവും ആകാംക്ഷയും പിരിമുറുക്കവും എല്ലാം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. 

പഞ്ചാബ് തോറ്റപ്പോൾ കെഎം രാഹുൽ പൊട്ടിക്കരഞ്ഞു. 60 ബോളിൽ നിന്ന് 95 റൺസെടുത്ത് ടീമിനെ ചിറികിലേറ്റിയിട്ടും രോഹിത്തും കൂട്ടരും ആ ചിറക് അരിഞ്ഞതിന്റെ നിരാശ രാഹുലിന്റെ മുഖത്ത് പ്രകടമായിരുന്നു. ഒരു ദീർഘനിശ്വാസമായിരുന്നു. രോഹിത്തിന്റെ മുഖത്ത് ആദ്യമെത്തിയത്. പിന്നെ ആകാശത്ത് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു.അവസാന ഓവർ എറിഞ്ഞ് താരമായ മക്ലിനാകൻ ഗ്രൗണ്ടിൽ പുഷ്അപ്പെടുത്ത് വിജയം ആഘോഷിച്ചു. 

നിര്‍ണായക മല്‍സരത്തില്‍മുംബൈ പഞ്ചാബ് കിങ്സ് ഇലവനെ 3 റണ്‍സിസാണ് മുംബൈ തോൽപ്പിച്ചത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍183 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 60 പന്തില്‍94 റണ്‍സെടുത്ത  ലോകേഷ് രാഹുലിന്റെ മികവില്‍ശക്തമായി തിരിച്ചടിച്ച കിങ്സ് ഇലവനെ ബുംറയുടെ ബോളിങ് മികവാണ് തോല്‍വിയിലേക്ക് തള്ളിയിട്ടത്. 46 റണ്‍സെടുത്ത് ആരോണ്‍ഫിഞ്ചും പഞ്ചാബിന് വേണ്ടി തിളങ്ങി. ബുംറ 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറാണ് കളിയുടെ വിധി മാറ്റെഴുതിയത്. അക്സറും യുവരാജും ക്രിസിൽ ഉളളപ്പോൾ പഞ്ചാബിന് പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. ആദ്യ പന്ത് നേരിട്ടത് അകസ്ർ. സിംഗിൾ. രണ്ടാം പന്ത് യുവി പാഴാക്കി. മൂന്നാം പന്ത് ഉന്നമിട്ടത് സിക്സറിനായി പക്ഷേ കൂറ്റൻ അടി ലക്ഷ്യമിട്ട യുവി ലൂവിസിന്റെ കയ്യിൽ ഒതുങ്ങി. പഞ്ചാബിന്റെ ഹൃദയം തകർന്ന നിമിഷം. കീഴടങ്ങാൻ അക്സർ തയാറായിരുന്നില്ല അടുത്ത പന്തിൽ കൂറ്റൻ ‍സിക്സർ. രണ്ട് പന്തിൽ ഒൻപത്്. അടുത്ത പന്ത് സിക്സർ ലക്ഷ്യമായിരുന്നെങ്കിലും സിംഗിളിൽ ഒതുങ്ങി. ഒരു പന്തിൽ നിന്ന് വേണ്ടത് എട്ട് റൺസ്. വിജയം അസാധ്യമെന്ന് പഞ്ചാബ് അംഗീകരിക്കാൻ തുടങ്ങുമ്പോഴേക്കും മറുഭാഗത്ത് ആഘോഷം തുടങ്ങി. അസാധാരണ കളിമികവിന്റെ കെട്ടഴിച്ച രാഹുലിന്റെ കണ്ണീർ വിജയത്തിനിടയ്ക്ക് മുംബൈ ടീമിനെയും അവരുടെ ആരാധകരെ പോലും സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 186 റണ്‍സെടുത്തത്. ആന്‍ഡ്രൂ ടൈയുടെ 4 വിക്കറ്റ് പ്രകടനത്തില്‍ പതറിയ ഇന്ത്യന്‍സിനെ കെയ്റോണ്‍ പൊള്ളാര്‍ഡും ക്രൂണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് മികച്ച സ്കോറിലെത്തിച്ചത്. പൊള്ളാര്‍ഡ് 23 പന്തില്‍ 50 റണ്‍സും പാണ്ഡ്യ 32 റണ്‍സുമെടുത്തു.  സൂര്യകുമാര്‍ യാദവ് 27 റണ്‍സെടുത്തും രോഹിത് ശര്‍മ 6 റണ്‍സിനും പുറത്തായി. പൊള്ളാര്‍ഡിനെയും ഹാര്‍ദിക് പാണ്ഡ്യയേയും പുറത്താക്കിയ അശ്വിനും പഞ്ചാബ് നിരയില്‍ തിളങ്ങി.