വരൂ, ഉരുളുന്ന പന്തിനെ പിന്തുടരാം..!

Photo: Josekutty Panackal

എല്ലായ്പ്പോഴും ആരെങ്കിലുമൊരാള്‍ ഒരു കാല്‍പന്തിന്റെ പുറകെ ഓടുന്നുണ്ടാകും. അത് ചിലപ്പോൾ  അങ്ങ് ചിലിയിലെ സാന്റിയാഗോ നാഷണൽ സ്റ്റേഡിയത്തിലാകാം, അതല്ലെങ്കിൽ ബ്രസീലിലെ മാറക്കാനായിലോ,  മിലാനിലെ സാൻസീറോയിലോ ആകാം. അതുമല്ലെങ്കിൽ ഒരു ബീച്ചിൽ, ഒരു സ്കൂൾ ഗ്രൗണ്ടിൽ, ഒരു ഫ്ലാറ്റിന്റെ പ്ലെയിങ് ഏരിയയിൽ, ഒരു നാട്ടിടവഴിയിൽ, ഒരു ചേരിയുടെ ഇടുങ്ങിയ ഇടമുറ്റത്ത് ഒരു അഡിഡാസോ പ്യൂമയോ അതുമല്ലെങ്കിൽ തട്ടുകൊണ്ട് വയറുപൊട്ടിയ ഒരു നാടന്‍ പന്തോ എന്തായാലും പാഞ്ഞ് നടക്കുന്നുണ്ടാകും. പിന്നാലെ പായുന്നതാകട്ടെ ക്രിസ്റ്റ്യാനോയോ മെസ്സിയോ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട ഒരു ജോണോ ജാഫറോ ആരുമാകാം. എന്തായാലും ഒന്നുറപ്പാണ്,  ഉരുളുന്ന ഒരു പന്തുമായേ ഈ ഭൂമി തിരിയുന്നുണ്ടാകൂ. ദാരിയസ് റുക്കറുടെ പാട്ടുവരിപോലെ കാൽപന്ത് കളിയെത്തുന്ന കാലവും കാൽപന്ത് കളിക്കായുള്ള കാത്തിരിപ്പുകാലവും എന്നതിപ്പുറം ഒന്നുമില്ലെന്നതാണു സത്യം.  അല്ലെങ്കിലും ഇത് കളി വേറെയാണ്. മഴ നോക്കി ഇവിടെ ആരും മൈതാനത്ത്‌ എത്താറില്ല. പത്ത് പന്തെറിഞ്ഞാരും വെള്ളക്കുപ്പി തേടാറുമില്ല. പുല്ലും കല്ലും നോക്കി കളി ഗണിക്കാനും ആര്‍ക്കുമാകില്ല. വെള്ള വരയിട്ട്  വല കെട്ടാനൊരു ഇടം കിട്ടിയാൽ  വിസിലൂതിയങ്ങു തുടങ്ങുകയാണ്. ഈ സമയം ആ വിസിലൂതുന്നവരിൽ നമ്മളുമുണ്ട്. ഐഎസ്എൽ ആവേശം ഒരു വിസിൽ അരികിലാണ്.

കാൽപന്ത് പൂത്ത പാടങ്ങൾ

കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കെട്ടിപൊക്കുന്ന സെവൻസ് മൈതാനങ്ങളിൽ ആയിരുന്നു നാം കാൽപന്ത് ആവേശങ്ങളെയെല്ലാം കെട്ടിനിർത്തിയിരുന്നത്.  സൂപ്പർ  സ്റ്റുഡിയോ മലപ്പുറം, കെ.ആർ.എസ്‌ കോഴിക്കോട്‌, അൽമദീന ചെർപ്പുളശ്ശേരി, ജിംഖാന തൃശൂർ, കാശ്‌മീർ ക്ലബ്ബ്‌ കിളിനക്കോട്‌, ജവഹർ മാവൂർ, ഒ.വൈ.സി ഉച്ചാരക്കടവ്‌, ബ്രദേഴ്‌സ്‌ കൂത്തുപറമ്പ്‌, ബ്രസീല്‍ ചേന്ദമംഗല്ലൂര്‍... ഇങ്ങനെൊരുപാട് പേരുടെ കളി കാണാൻ പാടവരമ്പുകളിൽ ഇരുന്ന ഒരു വലിയ ആൾകൂട്ടമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന ഒറ്റ ശബ്ദത്തിലേക്ക് വീഴുന്നത്. ആ കുമ്മായ വരക്ക്  അരികിൽ നിന്ന് എഴുന്നേറ്റാണ് അവൻ  കൂട്ടുകാരനെ വിളിച്ച് കുട്ടിയെ കൂട്ടി കൊച്ചിക് വണ്ടി എപ്പോഴെന്നു അന്വേഷിച്ചിറങ്ങുന്നത്. കേരള പെലെ ക്യാപ്റ്റൻ മണി മുതൽ തോമസ് സെബാസ്റ്റ്യൻ, സി.വി. പാപ്പച്ചൻ, വി.പി. സത്യൻ, ഐ.എം. വിജയൻ, കുരികേശ് മാത്യു, കെ.ടി ചാക്കോ, മാത്യു വർഗ്ഗീസ്, ജോപോൾ അഞ്ചേരി, യു.ഷറഫലി, തോബിയാസ് തുടങ്ങി ആസിഫ് സഹീർ വരെയുള്ളവർ കാൽപന്ത് നൃത്തംകൊണ്ട് കളിത്തട്ടില്‍ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാതിരുന്ന കാലം, സിരകളിലേക്ക് കുത്തിയിറക്കിയ ആവേശമാണ് ഒരു കടലായി, ഒരു മഞ്ഞക്കടലായി കൊച്ചിയെ വന്ന് പൊതിയുന്നത്. അതാണ് കപ്പടിക്കണം കലിപ്പടക്കണം എന്ന് ഏറ്റുപാടുന്നത്.

കപ്പടിക്കണം, കലിപ്പടക്കണം

കാണിയുടെ ഏറ്റവും വലിയ ഇടപെടലുണ്ടാകുന്നത് ഒരു പക്ഷെ തെരുവ് നാടകങ്ങളിൽ ആകും. നാടകത്തിലെ ചില ക്രിയകൾ തന്നെ ചിലപ്പോൾ അവർ ചെയ്തെന്നു വരും.  ബ്ലാസ്റ്റേഴ്‌സ് ആരാധകരും അതുപോലെയാണ്. വർഷം കഴിയും തോറും അവരുടെ  ഊർജവും ഉത്സാഹവും ഉന്മാദവുമെല്ലാം കൂടുകയാണ്. കേവലം  ആൾക്കൂട്ടത്തിനപ്പുറം അവരൊരു പോരാളിയായി പരിണമിക്കുന്നു. പന്തിന് പുറകില്‍ ബൂട്ടുകെട്ടാത്ത ഒരു പന്ത്രണ്ടാമനായി വിലസുന്നു.  കൊച്ചിയുടെ മുറ്റത്ത് മറ്റെന്തിനോളം തന്നെ ആരാധകക്കൂട്ടവും എതിരാളികള്‍ക്ക് വില്ലന്‍മാരായതും അങ്ങനെയാണ്. കളി വിരുന്നെത്തിയപ്പോഴെല്ലാം ഒരു വഴിയിലേക്ക് ഒഴുകി ഒന്നായി ഇരമ്പി അവര്‍ വിജയവെളിച്ചം കാട്ടിയിട്ടുണ്ട്. മെസിയ്ക്കും നെയ്മറിനും വേണ്ടി കലഹിച്ച കൂട്ടുകാര്‍, പെലെയുടെയും അന്റോണിയ ഗ്രീസ്മാന്റെ കാല്‍പന്തുകാലങ്ങളെ പ്രണയിച്ചവര്‍,  ശംഖുമുഖത്ത് നിന്നും നൈനാംവളപ്പില്‍ നിന്നും കിട്ടിയ വണ്ടി പിടിച്ചെത്തിയവര്‍... എല്ലാവരും കൊച്ചിയെ കാല്‍പന്തുകൂടാക്കുന്നു. കൊമ്പന്‍മാര്‍ കിതച്ചപ്പോഴെല്ലാം കുതിക്കാന്‍ പ്രേരിപ്പിച്ചു. മുന്നോട്ടാഞ്ഞ എതിരാളികളെ കൂവി പിന്നിലാക്കി. അതേ ആ ഉല്‍സാഹകമ്മിറ്റി തന്നെയാണ് കളി കരളിലെടുത്ത ആ ആള്‍ക്കൂട്ടം തന്നെയാണ് ഈ സീസണിലും താരം. എന്തെന്നാല്‍ അവര്‍ ഒരു ക്ലബിനെ വിജയിപ്പിക്കുയല്ല ഒരു നാടിന്റെ കാല്‍പന്തുപ്രതാപം വീണ്ടെടുക്കുക കൂടിയാണ്.

അവൻ ജിങ്കനാണ്, അവനെത്തും

ശക്തരിൽ ശക്തനായ പങ്കിലവാസനായ  ഡിങ്കനെ പോലെയാണ് ജിങ്കാൻ എന്ന് ട്രോളന്മാർ പാടി നടക്കാറുണ്ട്. എന്നാൽ ഈ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സിക്കാരൻ പ്രാർത്ഥന കേൾക്കാതിരുന്നിട്ടില്ലെന്നത് ആണ് സത്യം. ആരോ പോകട്ടെ, ദ്രാവിഡ് ക്രീസിൽ ഉറച്ചുകൊള്ളുമെന്ന വിശ്വാസം പോലെയാണ് ജിങ്കാനും ബ്ലാസ്റ്റേഴ്സിന്. വലകാക്കുന്ന വന്മതിൽ. ഇക്കുറി കൊമ്പന്മാരുടെ കപ്പിത്താൻ. ഒപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ  ഇതിഹാസം ഹ്യൂം. ഈ കനേഡിയൻ സ്‌ട്രൈക്കറുടെ കാലിൽ മാത്രമല്ല തലയിലും കാൽപ്പന്ത്  അടവുകൾ മാത്രം. ഒപ്പം ക്രിസ്ത്യാനോക്ക് ഒപ്പം റൂണിക്കൊപ്പം കളി മെനഞ്ഞ ബെർബെറ്റോവ്, പന്ത് പിടിച്ചടക്കുന്നതിൽ പന്ത് അടക്കി നിർത്തുന്നതിൽ പന്ത് വലയിൽ എത്തിക്കുന്നതിൽ അത്രമേൽ മിടുക്കുള്ള താരം. തീരുന്നില്ല വിനീതും കറേജ് പേക്കൂസാനും മിലൻ സിങ്ങും അരാത്ത അസൂമിയും വെസ് ബ്രൗണും റിനോ ആന്റോയും നിര നീളുന്നു കണ്ണീർ നനവുള്ള കഴിഞ്ഞ കാല കിക്കുകളുടെ കണക് തീർക്കാൻ റെനി മ്യൂലെൻസ്റ്റീനിനു ആയുധങ്ങൾ ഏറെ. കാത്തിരിക്കാം കലിപ്പ് തീരണ കളിത്തട്ട് കാണാന്‍.