കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ സെമിഫൈനല്‍ ലൈനപ്പായി. ജര്‍മനി - മെക്സിക്കോയേയും പോര്‍ച്ചുഗല്‍ - ചിലെയേയും നേരിടും. ഗ്രൂപ്പ് ബിയിലെ അവസാന മല്‍സരത്തില്‍ ജര്‍മനി കാമറൂണിനെ തോല്‍പ്പിച്ചു. ചിലെയെ ഓസ്ട്രേലിയ സമനിലയില്‍ തളച്ചു.
ലോകചാംപ്യന്‍മാരായ ജര്‍മനിയെ പിടിച്ചുകെട്ടാന്‍ പോന്ന കരുത്തരായിരുന്നില്ല കാമറൂണ്‍. 64ാം മിനിറ്റില്‍ പത്തുപേരിലേക്ക് ഒതുങ്ങിയ കാമറൂണിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മനി അടിയറവു പറയിച്ചത്. ആദ്യ രാജ്യാന്തര ഗോള്‍ നേടിയ ടൈം വെര്‍ണറുടെ ഇരട്ടഗോള്‍ പ്രകടനം ശ്രദ്ധേയമായി. കോപ്പ ചാംപ്യന്‍മാരായ ചിലെയെ ഒരു ഗോള്‍ സമനിലയില്‍ കുടുക്കിയ ഓസ്ട്രേലിയ തല ഉയര്‍ത്തിയാണ് മടങ്ങുന്നത്. 42ാം മിനിറ്റില്‍ ജെയിംസ് ട്രോയിസിന്റെ ഗോളില്‍ ഓസ്ട്രേലിയ ലീഡ് നേടി
നാലു ഗോള്‍ വ്യത്യാസത്തിലെ തോല്‍വി മാത്രമേ സെമിസാധ്യത നഷ്ടമാക്കുകയുള്ളുവെന്ന് അറിയാമായിരുന്ന ചിലെ ഗോള്‍ വഴങ്ങാതിരിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിന്‍ റോഡ്രിഗസ് 67ാം മിനിറ്റില്‍ ചിലെയ്ക്ക് സമനിലഗോളൊരുക്കി. ഗ്രൂപ്പ് ചാംപ്യന്‍മാരായി മുന്നേറിയ ജര്‍മനിക്ക് സെമിയില്‍ മെക്സിക്കോയാണ് എതിരാളികള്‍. രണ്ടാംസ്ഥാനക്കാരായ ചിലെ എ ഗ്രൂപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ നേരിടും.