ഓട് പൊളിച്ച് 70 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു; അന്വേഷണം തമിഴ്‌നാട് സ്വദേശിയിലേക്ക്

വൈക്കത്ത് ആളില്ലാത്ത സമയത്ത്  ഓട് പൊളിച്ച് വീട്ടിൽ കടന്ന് 70 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസിൽ അന്വേഷണം തമിഴ്‌നാട് സ്വദേശിയിലേക്ക്. 25ലധികം തെളിവുകൾ ശേഖരിച്ചതിൽ നിന്നാണ് അന്വേഷണം പ്രതിയിലേക്ക് എത്തുന്നത്. കുടുംബം രാത്രിയിൽ ആശുപത്രിയിൽ പോയി അടുത്ത ദിവസം ഉച്ചക്ക് ശേഷം എത്തിയപ്പോഴായിരുന്നു വൻ കവർച്ച നടന്നതറിഞ്ഞത്. 

വൈക്കം ആറാട്ടുകുളങ്ങരയില്‍ പുരുഷോത്തമൻനായരുടെ വീട്ടിലായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വൻ കവർച്ച നടന്നത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് അലമാരകളിൽ പലയിടങ്ങളായി  സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും ഡയമണ്ട് ആഭരണങ്ങളുമാണ്  മോഷ്ടിച്ചത്.കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 14 പേരെ ചോദ്യം ചെയ്യുകയും 10 പേരുടെ വിരലടയാളങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.ഒപ്പം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

വൈക്കം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിൽ കടന്നത് ഒരാളാണെങ്കിലും പുറത്ത് കൂടതൽ പേർ ഉണ്ടായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. മോഷണ ശേഷം വാഹനത്തിൽ കടന്നതായി സംശയിക്കുന്ന പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.