ജി ആന്‍ഡ് ജി തട്ടിപ്പ് കേസിലെ പ്രതികള്‍ കീഴടങ്ങി

പത്തനംതിട്ട ജി ആന്‍ഡ് ജി ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പുകേസില്‍ സ്ഥാപനത്തിന്‍റെ രണ്ട് ഡയറക്ടര്‍മാര്‍ കീഴടങ്ങി. ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍ നായരും മകനും മൂന്നാം പ്രതിയുമായ ഗോവിന്ദ് ജി നായരുമാണ് തിരുവല്ല ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത് .മറ്റ് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രതികളെ സംരക്ഷിക്കുന്നെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞ മാസം 27ന് മുങ്ങിയ പ്രതികള്‍ കീഴടങ്ങാനെത്തിയത്. ഗോപാലകൃഷ്ണന്‍ നായരും മകന്‍ ഗോവിന്ദ് ജി നായരും പൊലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് നിക്ഷേപകര്‍ തടിച്ചുകൂടി. പണം തിരികെ വാങ്ങി നല്‍കണമെന്നും മറ്റുപ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. 

മൂന്നാം പ്രതി ഗോവിന്ദ് ജി നായരുടെ ഭാര്യയും നാലാം പ്രതിയുമായ ലക്ഷ്മി ലേഖ കുമാര്‍ മൂന്നുമാസം മുന്‍പ് വിദേശത്ത് പോയിരുന്നു. രണ്ടാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ സിന്ധു വി നായരും ഒളിവിലാണ്. കയ്യില്‍ പണമില്ലെന്നും വസ്തുക്കള്‍ വിറ്റ് കടം തീര്‍ക്കാനായിരുന്നു ഉദ്ദേശമെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

The accused in the g-and-g fraud case surrendered