ബിനീഷിന്റെ ദുരൂഹമരണം: നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട് കൊളത്തൂര്‍ സ്വദേശി ബിനീഷിന്‍റെ ദുരൂഹമരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിനീഷ് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് ബിനീഷിന്‍റെ മരണത്തിന് കാരണമായതെന്നായിരുന്നു  പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. എന്നാല്‍ ബിനീഷിന്റ കുടുംബം ഈ വാദം തള്ളുന്നു. കോമരം കെട്ടിയാടുന്നത് സംബന്ധിച്ച് ചിലരുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും അവര്‍ കൂട്ടം ചേര്‍ന്ന് ബിനീഷിനെ മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ശരീരത്തില്‍ ഇരുപതോളം പാടുകളുണ്ടായിരുന്നു. സ്വാഭാവിക മരണമായി ചിത്രീകരിച്ച് കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റ ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം.

കരിയാത്തന്‍കോട്ട ക്ഷേത്രത്തിന് സമീപത്ത് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ബിനീഷ് കഴിഞ്ഞമാസം 28നാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അതേസമയം അന്വേഷണം ശരിയായ ദിശയിലാണന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ബാലുശേരി പൊലീസ് പറഞ്ഞു.

Bineesh death case police station march