പ‍ഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; അന്വേഷണം സിബിഐക്ക് കൈമാറി

കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന് കീഴിലുള്ള അഡ്വൈസറി ബോര്‍‍ഡ് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഫ്രോഡ് ആണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. അന്വേഷണസംഘം ഉടന്‍ കോഴിക്കോട്ടെത്തും. 

പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം.പി. റിജില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍റേത് അടക്കം 21 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസാണ് സിബിഐക്ക് കൈമാറിയത്. ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെട്ട തട്ടിപ്പുകള്‍ സിബിഐക്ക് വിടണമെന്ന് റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗനിര്‍ദേശം നിലിവിലുണ്ട്. ഇത് കൂടി പരിഗണിച്ചാണ് നടപടി. റിജില്‍ ഒറ്റക്കാണോ തട്ടിപ്പ് നടത്തിയത്, ബാങ്കിലെ മറ്റേതെങ്കിലും ജീവനക്കാര്‍ക്ക് പങ്കുണ്ടോ, കൂടുതല്‍ അക്കൗണ്ടുകളില്‍ തട്ടിപ്പുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ സിബിഐ വിശദമായി അന്വേഷിക്കും. തട്ടിപ്പ് നടത്തിയ പണം റിജില്‍ എങ്ങനെ ചിലവിട്ടു എന്ന കാര്യവും അന്വേഷണപരിധിയില്‍ വരും. ഓണ്‍ലൈന്‍ ഗെയിമിങ്ങിനായും ഓഹരിവിപണിയിലും പണം നഷ്ടപ്പെട്ടെന്നാണ് റിജിലിന്‍റെ മൊഴി. ഇക്കാര്യം ഏറെക്കുറെ ശരിയാണെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗത്തിനും കൈമാറിയിരുന്നു. ഇവര്‍ കുറ്റപ്പത്രം സമര്‍പ്പിക്കാനിരിക്കെ ആണ് കേസ് സിബിഐക്ക് കൈമാറിയത്. 2022 നവംബറിലാണ് കോഴിക്കോട് കോര്‍പ്പറഷന്‍റെത് അടക്കം 18 അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പ് നടന്നത്.