കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം; പെന്‍ഡ്രൈവില്‍ ഐ.എസ് ചാവേര്‍ ദൃശ്യങ്ങള്‍

Security personnel check a parked vehicle after an LPG cylinder exploded inside a car recently, in Coimbatore | PTI

കോയമ്പത്തൂര്‍ സ്ഫോടനക്കേസിനു ഐ.എസുമായി ബന്ധമുണ്ടെന്നതിനുള്ള നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിനു ലഭിച്ചു. കൊല്ലപ്പെട്ട ജമേഷ മുബിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത പെന്‍ഡ്രൈവില്‍ ഐ.എസ്. ചാവേര്‍ ആക്രമണത്തിന്റേതടക്കമുള്ള വിഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി. 2019ല്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു ഐ.എസ് മൊഡ്യൂള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. കാര്‍ സ്ഫോടനം ഉണ്ടായതിനു പിറകെ പ്രത്യേക അന്വേഷണ സംഘം ജമേഷ മുബിന്റെ സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. 2019ല്‍ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നു ജമേഷ മുബിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതേ സമയത്തുതന്നെയാണു കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു ഐ.എസ് മൊഡ്യൂള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചകേസില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഷെയ്ക്ക് ഹിദായത്തുള്ള എന്നിവരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. ഖലീഫ ജി.എഫ് എക്സ് എന്ന പേരില്‍ ഒരു ഫെയ്സ് ബുക്ക് പേജും ഇരുവരും തുടങ്ങിയിരുന്നു. അസ്ഹറുദ്ദീനായിരുന്നു സംഘത്തലവന്‍. 

ഈകേസില്‍ വിയ്യൂര്‍ ജയിലിലായിരുന്ന ഹിദായത്തുള്ള മാസങ്ങള്‍ക്കുശേഷം ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോള്‍ ഫാബ്രിക്കേഷന്‍ ജോലികളുമായി കഴിയുകയാണ്. സ്ഫോടനത്തിനു പിന്നാലെ ഇയാളുടെ വീട്ടിലും പ്രത്യേക അന്വേഷണ സംഘമെത്തിയിരുന്നു. ഇവിടെ നിന്നു ലഭിച്ച പെന്‍ഡ്രൈവിലാണു നിര്‍ണായക വിവരങ്ങളുള്ളത്. 100 വിഡിയോകളാണു പെന്‍ഡ്രൈവിലുള്ളത്. 40 എണ്ണം ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാന്‍ ഹാഷ്മിയുടെ പ്രഭാഷണങ്ങളാണ്.15 എണ്ണം ഐ.എസ്. ലോകത്താകമാനം നടത്തിയ ആക്രമണങ്ങളുടേതുമാണ്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 2019നു മുമ്പുള്ളതാണ് പെന്‍ഡ്രൈവിലെ ദൃശ്യങ്ങളെന്നും ഇപ്പോള്‍ തീവ്രചിന്താഗതിയില്ലെന്നുമാണ് ഇയാളുടെ മൊഴി. ഇയാളെ വിട്ടയച്ചെങ്കിലും കര്‍ശന നിരീക്ഷണത്തിലാക്കിയിരിക്കുയാണ്. അതിനിടെ തീവ്ര ചിന്താഗതിയുള്ളവര്‍ക്കു പ്രത്യേക കൗണ്‍സിലിങ് നല്‍കാന്‍ കോയമ്പത്തൂര്‍ സിറ്റി പൊലീസ് പദ്ധതി തയാറാക്കി. പള്ളിക്കറ്റികളുടെ സഹായത്തോടെ നഗരത്തിലെ ഒരു സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗമാണു പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.2019ല്‍ കോയമ്പത്തൂരില്‍ 16പേര്‍ ഐ.എസ് ആശയത്തില്‍ ആകൃഷ്ടരായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 50 പേരുടെ പട്ടികയാണ് ഇപ്പള്‍ രഹസ്യന്വേഷണ വിഭാഗം കമ്മിഷണര്‍ക്കു കൈമാറിയിരിക്കുന്നത്

The investigation team has got the crucial evidence that the Coimbatore blast case is related to IS