യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തിരുവല്ല പുല്ലാട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറവൻകുഴി സ്വദേശിനി സൂര്യയെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് വർഷത്തെ പ്രണയത്തിനും ശേഷം ഏഴു മാസം മുമ്പായിരുന്നു വിഷ്ണുവിൻ്റെയും സൂര്യയുടെയും വിവാഹം. ഇരുവരും തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് ആത്മഹത്യയ്ക്ക് കാരണമായതാകാമെന്നുമാണ് സൂര്യയുടെ ബന്ധുക്കളുടെ ആരോപണം. 

സംഭവത്തിന് അര മണിക്കൂർ മുമ്പുവരെ സഹോദരിയോട് സന്തോഷത്തോടെ സംസാരിച്ച സൂര്യയെ ആത്മഹത്യ ചെയ്ത നിലയിൽ ആദ്യം കണ്ടെത്തിയത് വിഷ്ണുവാണ്. വിവരമറിയിച്ചതിനെത്തുടർന്ന് സൂര്യയുടെ സഹോദരനും സഹോദരീ ഭർത്താവും എത്തിയാണ് സൂര്യയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ചു. കയ്യിലും തലയിലും ചതഞ്ഞ പാടുകളും കണ്ടെത്തിയിരുന്നു. സ്ഥിരം മദ്യപാനിയായ വിഷ്ണു സംഭവ സമയത്തും മദ്യലഹരിയിലായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.