വെളളവും ഭക്ഷണവും ബാഗിൽ; തെങ്ങിന്റെ മുകളിൽ ഇരിപ്പ് ഉറപ്പിച്ചു; വലവിരിച്ച് ഫയർഫോഴ്സ്

സാമ്പത്തിക തർക്കം തെങ്ങിന്റെ മുകളിൽ വരെ എത്തിയപ്പോൾ ദുരിതത്തിലായത് ഫയർഫോഴ്സ് ഉദ്യേ‍‍ാഗസ്ഥർ. വീട് നിർമിച്ച വകയിൽ പണം ലഭിക്കാൻ ഉണ്ടെന്ന് കാട്ടി കരാറുകാരൻ സുരേഷാണ് ചെങ്കൽ സ്വദേശി വിജയന്റെ വീടിനു മുന്നിലെ അൻപത് അടി ഉയരമുള്ള തെങ്ങിൽ അഞ്ചര മണിക്കൂറോളം കയറി ഇരുന്നത്. സദാസമയം ജാഗരൂകരായി നിൽക്കേണ്ട ഫയർഫോഴ്സ് നാലു യൂണിറ്റുകളിൽ പെട്ട ഇരുപതോളം പേർ രക്ഷാപ്രവർത്തനങ്ങൾക്കായി ഇത്രയും മണിക്കൂർ കരാറുകാരൻ കയറിയ തെങ്ങിന്റെ ചുവട്ടിൽ കാത്ത് നിൽക്കേണ്ടി വന്നു.  വ്യാഴം വെളുപ്പിന് അഞ്ചു മണിക്കാണ് കരാറുകാരൻ തെങ്ങിൽ കയറിയത്.

എട്ടു മണിയോടെ വിവരം അറിഞ്ഞ് നെയ്യാറ്റിൻകര, പൂവാർ, പാറശാല, ചെങ്കൽചൂള യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി അനുനയ ശ്രമങ്ങൾ നടത്തി എങ്കിലും ഇറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല.  ഇതിനിടെ ദൃശ്യ മാധ്യമങ്ങളിൽ കൂടി ആത്മഹത്യാ ഭീഷണി മുഴക്കി അല്ല തെങ്ങിൽ കയറിയത് എന്ന ഇയാളുടെ തത്സമയ സംപ്രേഷണം എത്തിയതോടെ ഫയർഫോഴ്സ് ഉദ്യേ‍ാഗസ്ഥർ വീണ്ടും സമീപിച്ചെങ്കിലും പണം ലഭിക്കാതെ ഇറങ്ങില്ലെന്ന് ആയിരുന്നു നിലപാട്. കാറ്റ് ശക്തമായതിനാൽ അപകട സാധ്യത ഭയന്ന് ഫയർഫോഴ്സ് ഇതിനകം തെങ്ങിന്റെ അഞ്ച് മീറ്റർ വട്ടത്തിൽ സുരക്ഷയ്ക്കായി വല സ്ഥാപിച്ചു.

വീടുകളുടെ മതിലും, മരങ്ങളും കടന്ന് വല കെട്ടാൻ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടു. വല കെട്ടി സുരക്ഷ ഒരുക്കേണ്ട ദൂരം കൂടുതൽ ആയതിനാൽ ഇരുപത്തിയെട്ടു കിലോമീറ്റർ അകലെ ചെങ്കൽചൂള യൂണിറ്റിൽ നിന്നാണ് കൂടുതൽ വല എത്തിച്ചത്. അനുരഞ്ജന ചർച്ചകൾക്കും പെ‍ാലീസിനെ‍ാപ്പം നിന്നതും ഫയർഫോഴ്സ് ഉദ്യേ‍ാഗസ്ഥർ ആയിരുന്നു. രാവിലെ എട്ട് മണി മുതൽ ആരംഭിച്ച നാടകീയ നിമിഷങ്ങൾ ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സമാപിച്ചത്. ഇറങ്ങാൻ സമ്മതിച്ചതോടെ സുരക്ഷയ്ക്കായി ഫയർഫോഴ്സ് ഉദ്യേ‍ാഗസ്ഥനും കയറി ഏണി വഴിയാണ് സുരേഷിനെ ഇറക്കിയത്.

വെളളവും ഭക്ഷണവും ബാഗിൽ കരുതി പ്രതിഷേധക്കാരൻ തെങ്ങിന്റെ മുകളിൽ ഇരിപ്പ് ഉറപ്പിച്ചപ്പോൾ പെ‍ാള്ളുന്ന വെയിലിൽ വല കെട്ടി സുരക്ഷ ഉറപ്പിക്കുന്ന തിരക്കിൽ ആയിരുന്നു ഉദ്യേ‍ാഗസ്ഥർ. വല കെട്ടാൻ കയറിയ പൂവാർ യൂണിറ്റിലെ ചില ഉദ്യേ‍ാഗസ്ഥർക്ക് സമീപത്തെ മരത്തിൽ നിന്ന് മുള്ള് കെ‍ാണ്ട് നിസ്സാര പരുക്കേറ്റു. നാടകീയ രംഗങ്ങൾക്കു വിരാമമിട്ട് സുരേഷ് എത്തിയപ്പോൾ കൂടുതൽ ആശ്വസിച്ചതും ഫയർഫോഴ്സ് ആയിരുന്നു. ഇതേ സമയം മറ്റ് അത്യാഹിതങ്ങൾ സംഭവിക്കാതിരുന്നത് ആശ്വാസമായി എന്നു ആത്മഗതം നടത്തിയാണ് ഉദ്യേ‍ാഗസ്ഥർ പിരിഞ്ഞത്. അഞ്ചര മണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തിയ തർക്കം വ്യാഴം രാത്രി സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പരിഹരിച്ചിരുന്നു.