ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു; തലനാരിഴയ്ക്കു രക്ഷ

തൃശൂര്‍ ചിറ്റണ്ടയില്‍ ബൈക്കിന്‍റെ ടയറില്‍ നാടന്‍ ബോംബ് കെട്ടിവച്ചു. ബൈക്ക് ഓടിക്കും മുമ്പേ നാടന്‍ ബോംബ് കണ്ടതിനാല്‍ പൊട്ടിത്തെറിച്ചില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

തൃശൂര്‍ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു. കൂലിപ്പണിക്കാരനായ സുനില്‍ രാവിലെ പണിയ്ക്കു  പോകാനായി ബൈക്കില്‍ കയറി. ടയറില്‍ എന്തോ തടയുന്നതായി സംശയം തോന്നി. അങ്ങനെയാണ്, നാടന്‍ ബോംബ് വച്ചതായി കണ്ടത്. ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് നാടന്‍ ബോംബ് കെട്ടിവച്ചിരുന്നത്. രാത്രി ആരോ വന്ന് ബോംബ് വച്ചതാകാമെന്ന് സംശയിക്കുന്നു. പൊലീസ് എത്തിയാണ് ബോംബ് നീക്കിയത്. 

ആരാണ് ഇതിനു പിന്നില്ലെന്ന് ഇനിയും വ്യക്തമല്ല. സമീപ കാലത്തൊന്നും ആരോടും വഴക്കുണ്ടായിട്ടില്ലെന്ന് ബൈക്ക് ഉടമ പൊലീസിനോട് പറഞ്ഞു. സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷനിലെ അസമയത്തെ ആക്ടീവ് കോളുകളും സൈബര്‍സെല്‍ പരിശോധിക്കുന്നുണ്ട്. ചിറ്റണ്ടയില്‍ തന്നെ ഓട്ടോറിക്ഷയുടെ ചില്ലും രാത്രി തകര്‍ത്തിട്ടുണ്ട്. രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.