കാറിൽ നിറയെ രഹസ്യ അറകൾ, അന്ന് ആ പേര് പുറത്തുവിട്ടില്ല

വട്ടത്തിമൂല കോളനിയിൽനിന്ന് 5 മാസം മുൻപ് 102.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതി സീസിങ് ജോസിനെയും  2 കൂട്ടാളികളെയും ആന്ധ്രയിൽനിന്ന് ബത്തേരി എസ്ഐ ജെ.ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയതോടെ ജില്ല വഴിയുള്ള ഒട്ടേറെ ലഹരികടത്തു സംഭവങ്ങളുടെ ചുരുളഴിയുമെന്നു പ്രതീക്ഷ. കഴിഞ്ഞ ഓഗസ്റ്റ് 3ന് വട്ടത്തിമൂല കോളനി നിവാസി കെ. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നിന്നാണ് ഒരു ക്വിന്റലിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തത്.

കഞ്ചാവ് സീസിങ് ജോസ് സൂക്ഷിക്കാൻ ഏൽപിച്ചതാണെന്നാണു കൃഷ്ണൻകുട്ടി അന്നു പൊലീസിനോട് പറഞ്ഞത്. എന്നാൽ, സീസിങ് ജോസിന്റെ പേരു പൊലീസ് അന്ന് പുറത്തുവിട്ടില്ല. സംഭവത്തിൽ പിന്നീട് ജോസിന്റെ മറ്റൊരു കൂട്ടാളി മനോജ് അപ്പാടിനെ അറസ്റ്റ് ചെയ്തിരുന്നു. ഹൈവേ കൊള്ള ഉൾപ്പെടെയുളഅള  കേസുകളിൽ പ്രതിയായ സീസിങ് ജോസാണു കഞ്ചാവു കൊടുത്തതെന്ന് അറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതറിഞ്ഞു സീസിങ് ജോസ് ഒളിവിൽ പോയി.

മൊബൈൽ ഫോൺ ലൊക്കേഷനുകൾ വിവിധ സംസ്ഥാനങ്ങളിൽ  കണ്ടതോടെ അന്വേഷണവും നീണ്ടു. ഒളിവിൽ കഴിയുന്നതിനൊപ്പം ഒത്താൽ ലഹരികടത്തും നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തുടർന്നാണ് ആന്ധ്രയിലെ കാക്കിനടയിൽ ഉണ്ടെന്ന വിവരം ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാറിനു കിട്ടിയത്. ബത്തേരി എസ്ഐയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. 

എഎസ്ഐ കെ.വി. അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ടി.ഡി.സന്തോഷ്, എം.എ.അനസ്, ആഷ്‌ലിൻ സന്തോഷ്, ഹോംഗാർഡ് ബിനീഷ് നായർ എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങൾ. കഴിഞ്ഞ ഞായറാഴ്ച സംഘം ആന്ധ്രയിലേക്കു പുറപ്പെട്ടു. രണ്ടു ദിവസം അവിടെ തങ്ങി ലോക്കൽ പൊലീസിന്റെ സഹായത്തോടെ സീസിങ് ജോസിനെയും കൂട്ടാളികളായ ഷൗക്കത്തിനെയും കാർത്തിക് മോഹനെയും നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്ച രാവിലെ അവർ താമസിച്ചിരുന്ന ലോഡ്ജിലെത്തി അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പ്രതികളെ ബത്തേരി സ്റ്റേഷനിലെത്തിച്ചു.  ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. 

കാറിൽ നിറയെ രഹസ്യ അറകൾ

സീസിങ് ജോസും സംഘാംഗങ്ങളായ ഷൗക്കത്തും കാർത്തിക് മോഹനും സഞ്ചരിച്ചിരുന്ന കാറിൽ നിറയെ രഹസ്യ അറകൾ. സീറ്റുകൾക്ക് അടിയിലും സീറ്റുകളിൽ ചാരിയിരിക്കുന്ന ഭാഗത്തും വിദഗ്ധമായി നിർമിച്ച രഹസ്യ അറകൾ കണ്ടെത്തി. കാർ വിശദമായി പൊലീസ് പരിശോധിച്ചു. ലഹരി വസ്തുക്കളും പണവും കടത്താനാണ് അറകൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

19 കേസുകളിൽ പ്രതി

18 പൊലീസ് കേസുകളിലും 1 ഫോറസ്റ്റു കേസിലും പ്രതിയാണു സീസിങ് ജോസ്. ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 കേസുകളിലും പടിഞ്ഞാറത്തറ, തിരുനെല്ലി, കോഴിക്കോട്, കർണാടകയിലെ വേളൂർ പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും പ്രതിയാണ്. കുപ്പാടി  ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് വനംവകുപ്പിന്റെ കേസുള്ളത്. 19 കസുകളിൽ നാലെണ്ണം ഹൈവേ കൊള്ളയാണ്. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച കേസും മറ്റു ലഹരി കേസുകളും ഇതിൽ പെടും. വർഷങ്ങൾക്കു മുൻപ് റിസോർട്ട് ഉടമ കരിം വധക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പിടിയിലായ ഷൗക്കത്ത് 2018ൽ തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൈവേ കൊള്ളയിൽ പ്രതിയാണ്.