പമ്പിലെ ഫോണ്‍ ഉപയോഗം വിലക്കിയതിന് ആക്രമണം; ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഗുണ്ട അറസ്റ്റില്‍. മൂന്നാഴ്ചയായി ഒളിവിലായിരുന്ന സഫറുള്ളയാണ് പിടിയിലായത്. പമ്പിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന്റെ പേരിലായിരുന്നു ആക്രമണം. 

പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയെന്ന ഒറ്റക്കാരണത്താലാണ് പമ്പിലെ ജീവനക്കാരനായ അനന്തുവിനെ സഫറുള്ള വടിവാളുകൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചത്. ഡിസംബര്‍ 28ന് രാത്രിയായിരുന്നു ആക്രമണം. അന്ന് മുതല്‍ ഒളിവിലായിരുന്ന സഫറുള്ളയെ തമ്പാനൂരില്‍ നിന്നാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച മലയിന്‍കീഴ് സ്വദേശി അരുണ്‍ അറസ്റ്റിലായിരുന്നു. കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്ന ഗുണ്ടയാണ് സഫറുള്ള. പക്ഷെ കാപ്പ ചുമത്തിയിരുന്നില്ല. ആക്രമണ ദിവസം സുഹൃത്തിനൊപ്പം ബൈക്കിലെത്തി പെട്രോള്‍ അടിച്ചപ്പോഴാണ് ജീവനക്കാരന്‍ മൊബൈല്‍ ഉപയോഗം വിലക്കിയത്. തര്‍ക്കിച്ച ശേഷം തിരികെപ്പോയ സഫറുള്ള വടിവാളുമായി വീണ്ടും മടങ്ങിയെത്തിയ ശേഷമാണ് വെട്ടിയത്.

കയ്യില്‍ വെട്ടേറ്റ അനന്തു ഇപ്പോഴും ചികിത്സയിലാണ്. ആക്രമണ ശേഷം ജയിലില്‍ വച്ച് പരിചയപ്പെട്ടിരുന്ന തൊടുപുഴക്കാരന്റെ വീട്ടിലാണ് സഫറുള്ള ആദ്യം ഒളിവില്‍ താമസിച്ചത്. അതിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. ഇതിനിടെ പണം ആവശ്യപ്പെട്ട് ചിലരെ വിളിച്ചെന്ന വിവരമാണ് അറസ്റ്റിന് എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെ പൊലീസിനെ സഹായിച്ചത്..