സൂക്ഷിക്കുക! ലക്ഷ്യം പിൻവാതിൽ; ഭിത്തിയിൽ വിചിത്ര അടയാളം; ഭീതി

അതിരമ്പുഴയിൽ 7 വീടുകളിൽ മോഷണശ്രമം. മോഷണശ്രമം നടന്ന വീടുകളിലെല്ലാം പിൻഭാഗത്തെ വാതിലാണു തുറക്കാൻ ശ്രമിച്ചത്. വാതിലിന്റെ ഉള്ളിൽ നിന്നുള്ള കൊളുത്തോ പൂട്ടോ തിരിച്ചറി‍ഞ്ഞ്, ആ ഭാഗത്തു കമ്പി പോലുള്ള ആയുധം ഉപയോഗിച്ചു പുറത്തു നിന്നു ശക്തമായി ഇടിച്ചാണു തുറക്കുന്നതെന്നാണു സംശയം. മോഷണശ്രമം നടന്ന വീടുകളിലെല്ലാം വാതിലിൽ ഇങ്ങനെ ഇടിച്ചതിന്റെ പാടുകൾ വ്യക്തമാണ്. മോഷണശ്രമം നടന്ന അതിരമ്പുഴ നീർമലക്കുന്നേൽ മുജീബിന്റെ വീടിന്റെ ഭിത്തിയിൽ പ്രത്യേക അടയാളം കണ്ടെത്തി. ചുണ്ണാമ്പു പോലുള്ള മിശ്രിതം ഉപയോഗിച്ചുണ്ടാക്കിയതാണ് അടയാളം. പകൽ വീടും പരിസരവും നിരീക്ഷിച്ച ശേഷം അടയാളം പതിച്ചതാകാമെന്നു കരുതുന്നു.

മയക്കിക്കിടത്തി മോഷണശ്രമം എന്നു സംശയം

അതിരമ്പുഴയിൽ 7 വീടുകളിൽ മോഷണശ്രമം ഉണ്ടായെങ്കിലും ഒരിടത്തും നഷ്ടമുണ്ടായിട്ടില്ല. ആറാം വാർഡ് കുരിയാലിപ്പാടം നഫീസ മൻസിലിൽ മുഹമ്മദ് യാസിറിന്റെ ഭാര്യയുടെ കാലിൽ ധരിച്ചിരുന്ന മെറ്റൽ ‍പാദസരം സ്വർണമാണെന്നു കരുതി മോഷ്ടിച്ചതാണ് ഏകനഷ്ടം. മറ്റുള്ള വീടുകളിലെല്ലാം തന്നെ ശബ്ദം കേട്ടു വീട്ടുകാരോ അയൽക്കാരോ ഉണരുകയോ വളർത്തുനായ്ക്കൾ കുരയ്ക്കുകയോ ചെയ്തപ്പോൾ സംഘം അവിടെ നിന്നു കടന്നു. മുഹമ്മദ് യാസിറിന്റെ വീട്ടിൽ മോഷണം നടന്ന മുറിയിൽ 4 പേരുൾപ്പെടെ വീട്ടിൽ 7 പേരുണ്ടായിരുന്നിട്ടും ആരും ഉണർന്നില്ല. രാവിലെ വീട്ടിൽ എല്ലാവർക്കും പതിവില്ലാത്ത ക്ഷീണവും മയക്കവും അനുഭവപ്പെടുകയും ചെയ്തെന്നും മയക്കിക്കിടത്താനുള്ള മരുന്നു സ്പ്രേ ചെയ്തെന്നു സംശയിക്കുന്നതായും ഗൃഹനാഥൻ മുഹമ്മദ് യാസിർ പറഞ്ഞു.

ദൃശ്യങ്ങളിൽ നിന്ന് കുറുവ സംശയം

ഓഗസ്റ്റിൽ പാലക്കാടിന്റെ അതിർത്തിപ്രദേശങ്ങളിൽ കുറുവ സംഘം എന്ന ആയുധധാരികളായ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിരമ്പുഴയിൽ എത്തിയ മോഷണസംഘത്തിനും ഇതേ സമാനതകൾ കണ്ടെത്തിയതോടെയാണു കുറുവ സംഘമെന്ന സംശയത്തിലേക്ക് എത്തിയത്.  അതിരമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ മോഷണശ്രമം നടന്ന യാസ്മിന്റെ വീടിനടുത്തുള്ള സിസിടിവിയിലാണ് അടിവസ്ത്രം മാത്രം ധരിച്ചു വടിവാൾ,

കോടാലി ഉൾപ്പെടെ മാരകായുധങ്ങളുമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു നടന്നുപോകുന്ന മൂന്നംഗ സംഘത്തിന്റെ ദൃശ്യം പതിഞ്ഞത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിലുള്ള മോഷ്ടാക്കളാണു കുറുവ സംഘം എന്ന് അറിയപ്പെടുന്നത്. കരുത്തുറ്റ ആളുകളുടെ കൂട്ടം എന്ന അർഥത്തിലാണു തമിഴ്നാട് ഇന്റലിജൻസ് ടീം ഇവർക്കു കുറുവ സംഘമെന്ന പേരു നൽകിയത്. 19 മുതൽ 59 വരെ വയസ്സുള്ള പുരുഷന്മാരും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടെന്നാണു പൊലീസ് നിഗമനം. എന്നാൽ സ്ത്രീകൾ മോഷണത്തിന് ഇറങ്ങാറില്ല.