രാത്രികാല പരിശോധനക്കിടെ മൂന്നു ചന്ദനമോഷ്ടാക്കള്‍ പിടിയിൽ

കോഴിക്കോട് താമരശേരിയില്‍ സ്ഥിരം ചന്ദനമോഷ്ടാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍. 50 കിലോ ചന്ദനത്തടികളും ഇത് കടത്താനുപയോഗിച്ച വാഹനങ്ങളും പിടികൂടി. മാവൂര്‍ ചിറ്റാരിപിലാക്കല്‍ അബ്ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് ബഷീര്‍, മലപ്പുറം ആക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് പിടിയിലായത്.

രാത്രികാല പരിശോധനക്കിടെയാണ് ചന്ദനം മുറിച്ചു കടത്തുന്ന ഒാട്ടോറിക്ഷക്ക് , ബൈക്കില്‍ പൈലറ്റ് പോകുകയായിരുന്ന അബ്ദുറഹിമാനെ കണ്ണിപറമ്പില്‍ വച്ച് വനം വകുപ്പ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ മറ്റ് പ്രതികളുടെ വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ,ഒാട്ടോറിക്ഷയില്‍ കൊണ്ടുവന്ന ചന്ദനം  വീട്ടില്‍  ഇറക്കുമ്പോള്‍  ബഷീര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ചന്ദനം വാങ്ങുന്ന ആളാണ് പിടിയിലായ മലപ്പുറം സ്വദേശി അബ്ദുള്ള. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ ചന്ദനം മുറിക്കുന്നത്

ചന്ദനത്തടികള്‍ കടത്താനുപയോഗിച്ച ഒാട്ടോറിക്ഷ, ജീപ്പ് , ബൈക്ക് എന്നിവയും കണ്ടെത്തി. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഇവര്‍ ആര്‍ക്കെല്ലാമാണ് ചന്ദനം വില്‍പ്പന നടത്തിയതെന്നും അന്വേഷിക്കുന്നു