മീന്‍ക്കുളത്തില്‍ വിഷം കലർത്തി; സാമൂഹ്യവിരുദ്ധരുടെ ക്രൂരത പ്രവാസിയോട്

കോവിഡ് പ്രതിസന്ധിയിൽ ജീവിതം കരപ്പിടിപ്പിക്കാനുള്ള പ്രവാസിയുടെ ശ്രമത്തിന് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. അഞ്ചൽ പനച്ചവിള സ്വദേശി ആലേഷിന്റെ വിളവെടുക്കാൻ പാകമായ മീന്‍ക്കുളത്തില്‍ സാമൂഹികവിരുദ്ധർ വിഷം കലർത്തി. ആയിരത്തിലധികം മീനുകളാണ് ചത്തുപൊങ്ങിയത്. 

പത്തുമാസത്തെ പ്രയത്നവും പ്രതീക്ഷയുമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. അഞ്ചൽ പനച്ചവിള കുമരംചിറ വീട്ടിൽ ആലേഷും അമ്മ മല്ലികയും വീടിനോട് ചേര്‍ന്ന് തയാറാക്കിയ മീന്‍കുളത്തിലാണ് കഴിഞ്ഞരാത്രിയില്‍ സമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയത്. വായ്പയെടുത്തും പലിശക്ക് വാങ്ങിയതുമായ മൂന്നു ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ മത്സ്യകൃഷിയാണ് വിളവെടുക്കാൻ പാകമായിരിക്കെ ഇല്ലാതാക്കിയത്. കോവിഡ്കാലത്ത് വിദേശജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ആലേഷ് മീന്‍വളര്‍ത്തലിനെക്കുറിച്ച് ചിന്തിച്ചത്. ഫിഷറീസ് വകുപ്പിന്റേയും ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റേയും സഹായത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി. മീന്‍വളര്‍ത്തലിനായി മല്ലിക കുടുംബശ്രീയിൽ നിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ആയിരം കുഞ്ഞുങ്ങളെയാണ് കുളത്തിലിട്ടത്.