ഇറിഡിയം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; ആറംഗ സംഘം അറസ്റ്റിൽ

ഇറിഡിയം നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരായ ആറംഗ സംഘം കോയമ്പത്തൂരില്‍ അറസ്റ്റില്‍. 99.20 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ആയുധങ്ങളും പിടിച്ചെടുത്തു. മലയാളിയായ ഇടനിലക്കാരന് വേണ്ടി അന്വേഷണം വിപുലമാക്കി.

റാണിപ്പേട്ടയിലെ ദിനേശ്കുമാർ, സൂര്യകുമാർ, തിരുപ്പൂരിലെ ഭോജരാജ്, കോയമ്പത്തൂരിലെ മുരുകേശൻ, ശെന്തിൽകുമാർ, വെങ്കടേഷ് പ്രഭു  എന്നിവരാണ് കോഴിക്കോട്ടെ അബ്ദുൽസലാം, മെഹറൂഫ് എന്നിവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇറിഡിയം ലോഹം പ്രത്യേക രീതിയിൽ സൂക്ഷിച്ചാൽ സർവൈശ്വര്യങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ലക്ഷങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. 

ഉപയോഗിക്കുമ്പോള്‍ കിരണങ്ങൾ ശരീരത്തിൽ പതിച്ചാൽ ആപത്തുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. കിരണങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രത്യേക വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിച്ചു. വസ്ത്രത്തിന് ഇരുപത്തി അഞ്ച് ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപവരെ ആവശ്യപ്പെട്ടിരുന്നു. ഇതു വിശ്വസിച്ച അബ്ദുൽ സലാമും മെഹറൂഫും 25 ലക്ഷം രൂപ ഇടനിലക്കാരനായി പ്രവർത്തിച്ച ഭോജരാജിന് കൈമാറി. തുടർന്ന് സംഘം ഇറിഡിയം പരിശോധിക്കാൻ ഇരുവരെയും ഒറ്റക്കൽമണ്ഡപത്തെ വാടക വീട്ടിലേക്ക് കൊണ്ടുപോയി. സംശയം തോന്നി വില്‍പനയുടെ രേഖകൾ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തര്‍ക്കത്തിനിടെ കുറച്ച് പണം മടക്കിനല്‍കി വീട്ടിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. നോട്ടുകൾ വ്യാജമെന്ന് മനസിലാക്കിയ രണ്ടുപേരും ബഹളം വച്ചപ്പോൾ മുരുകേശൻ കത്തി കാട്ടി ഭയപ്പെപ്പെടുത്തി. രക്ഷപ്പെട്ടതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് വീട് പരിശോധിച്ച് 99.20 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ, കത്തികൾ, രണ്ട് ആഡംബര കാറുകൾ എന്നിവ പിടിച്ചെടുത്തു.