എട്ടാംക്ലാസ്സ്‌ വിദ്യാർഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരെ പോക്സോ കേസ്

കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസ്സ്‌ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ്‌ കേസെടുത്തു. പെൺകുട്ടിയുടെ സ്കൂൾ അധ്യാപകനായ ഉസ്മാനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മരണത്തിനുശേഷം അധ്യാപകൻ ഒളിവിലാണ്. ദേളിയിൽ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

ആത്മഹത്യയ്ക്ക് പിന്നിൽ ഉസ്മാൻ എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സമൂഹമാധ്യമത്തിലെ സ്വകാര്യ സന്ദേശങ്ങൾ മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. ആഥൂർ സ്വദേശി ഉസ്മാൻ പെൺകുട്ടിയുമായി സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ കൈമാറിയിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ചാറ്റിങ്ങിൽ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ കടന്നുകൂടാറുണ്ടായിരുന്നു. 

മകളുടെ മരണത്തിന് കാരണം അധ്യാപകന്റെ ഭീഷണിയാണെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടി ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോൺ സൈബർ സംഘം പരിശോധിക്കുന്നുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും കേസെടുത്തിട്ടുണ്ട്.