‘സ്ത്രീധനമായി 21 വിരലുകളുള്ള ആമയും കറുത്ത ലാബ്രഡോർ നായയും വേണം’; വിചിത്രം

കല്യാണത്തിന് സ്ത്രീധനമായി പണവും സ്വർണവുമൊക്കെ കണക്ക് പറഞ്ഞ് ചോദിക്കുന്നതിന് പകരം പുതിയ രീതി കണ്ടെത്തിയ സംഭവമാണ്  ഔരംഗാബാദിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 21 കാൽവിരലുകളുള്ള ആമയെയും കറുത്ത ലാബ്രഡോർ നായയെയും സ്ത്രീധനമായി വേണമെന്നായിരുന്നു ജവാൻ കൂടിയായ വരന്റേയും വീട്ടുകാരുടെ ആവശ്യം. വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വരനും വീട്ടുകാർക്കുമെതിരെ എസ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു.

ഈ വർഷം ആദ്യം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും ഓസ്മാൻപുര പൊലീസ് പറയുന്നു.അന്ന് രണ്ട് ലക്ഷം രൂപയും 10 ഗ്രാം സ്വർണവും വധുവിന്റെ വീട്ടുകാർ നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് സർക്കാർ ജോലി സ്ഥിരമാക്കാമെന്ന് വാക്കു പറഞ്ഞ് 10 ലക്ഷം രൂപ കൂടി വരൻ വാങ്ങിച്ചെടുത്തു. ഇതുവരെ ജോലിയും ശരിയായില്ല പണവും തിരികെ നൽകിയില്ല. ഇതിന് പിന്നാലെയാണ് വിചിത്രമായ ആവശ്യവുമായി വരന്റെ വീട്ടുകാർ എത്തിയത്. 21 കാൽവിരലുകളുള്ള ആമയെയും കറുത്ത ലാബ്രഡോർ നായയെയും സ്ത്രീധനമായി വേണമെന്നായിരുന്നു ആവശ്യം.  ഈ ആവശ്യം നടത്തികൊടുക്കാൻ കഴിയാതെ വന്നതോടെ ഇരു വീട്ടുകാരും തമ്മിൽ തർക്കമായി. വിവാഹനിശ്ചയ സമയത്ത് നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചതോടെ പ്രശ്നം ഗുരുതരമായി. ഇതോടെയാണ് കേസ് പൊലീസിന് മുന്നിൽ എത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.