ഓൺലൈൻ ഉൽപന്നങ്ങൾ വ്യാജ വിലാസത്തിൽ ഓർഡർ; പിന്നീട് കവർച്ച; സംഭവം ഇങ്ങനെ

ഇരിട്ടി: ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഇടപടുകാർക്ക് അയക്കുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങൾ കൈക്കലാക്കി തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ക്യാമറയും വിലകൂടിയ ഫോണുകളും അടക്കം 11 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ കേളകം അടക്കാത്തോട് പുതുപറമ്പിൽ മുഹമ്മദ് ജുനൈദിനെ (27) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സ്ഥാപനത്തിൽ നിന്നു മേഖലയിലെ ഇടപാടുകാർക്ക് അയച്ച 31 മൊബൈൽ ഫോണുകളും ഒരു ക്യാമറയും ഉൾപ്പെടെയാണ് ഇരിട്ടിയിലെ സംഭരണ കേന്ദ്രത്തിൽ നിന്നു കവർന്നത്. ഓൺലൈൻ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഉൽപന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ ചുമതലയുള്ള കമ്പനിയുടെ ഏരിയ മാനേജർ പി.നന്ദു നവംബർ 23ന് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

പ്രാഥമിക പരിശോധനയിൽ തട്ടിപ്പിനു പിന്നിൽ വൻ സംഘം ഉണ്ടെന്ന സംശയത്തെത്തുടർന്നു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 2 സെയിൽസ്മാൻമാരെ അറസ്റ്റ് ചെയ്യുകയും മുഹമ്മദ് ജുനൈദ് ഫീൽഡിൽ പോകുന്ന ഇവരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നു കണ്ടെത്തുകയും ചെയ്തെങ്കിലും പൊലീസ് എത്തും മുൻപ് ജൂനൈദ് മുങ്ങി. ഹിമാചൽ പ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു. കഴിഞ്ഞ ദിവസം അടക്കാത്തോട്ടിലേക്കു വരും വഴി കൂട്ടുപുഴയിൽ വച്ചാണ് മുഹമ്മദ് ജുനൈദ് പിടിയിലായത്.

എസ്ഐമാരായ ബേബി ജോർജ്, എൻ.ജെ.മാത്യു, കെ.കെ.മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് റഷീദ്, കെ.നവാസ് എന്നിവരാണു പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.

വ്യാജ വിലാസത്തിൽ ഓർഡർ, പിന്നീട് കവർച്ച

വില കൂടിയ മൊബൈൽ ഫോണുകളും ക്യാമറകളും വ്യാജ വിലാസത്തിൽ ഓർഡർ ചെയ്യും. സ്റ്റോക്ക് കേന്ദ്രത്തിൽ എത്തുന്ന ഇത്തരം പാഴ്സലുകൾ പ്രതിയുമായി ബന്ധമുള്ള സെയിൽസ്മാൻ ഈ ഓർഡറിലുള്ള ആൾക്കെന്ന വ്യാജേന പുറത്തേക്കു കൊണ്ടുപോകും. മുഖ്യപ്രതി മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം രഹസ്യകേന്ദ്രത്തിൽ വച്ച് ഈ പാഴ്സൽ ബ്ലേഡ് ഉപയോഗിച്ചു പൊളിച്ച് ഇവ കവരും.

മംഗളൂരു പോലുള്ള സ്ഥലങ്ങളിൽ നിന്നു തീരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഉപയോഗശൂന്യമായ മൊബൈൽ ഫോണുകളും ക്യാമറയും പാഴ്സലിൽ തിരികെ വയ്ക്കും. എന്നിട്ടു തിരിച്ചറിയാത്ത രീതിയിൽ ഒട്ടിച്ച്, ഓർഡർ വ്യാജ വിലാസത്തിലാണെന്നു ചൂണ്ടിക്കാട്ടി സ്റ്റോക്ക് കേന്ദ്രത്തിൽ തന്നെ മടക്കി നൽകും. സ്‌റ്റോക്ക് കേന്ദ്രം അധികൃതർ ഇതു വ്യാപാര കമ്പനിക്കു മടക്കി അയയ്ക്കും.

പിന്നീട് ഇതേ മോഡൽ ആരെങ്കിലും കമ്പനിക്ക് ഓർഡർ ചെയ്യുമ്പോൾ അവർക്ക് കമ്പനി ഇത് അയയ്ക്കും. പുതിയ ഇടപാടുകാർ തങ്ങൾക്ക് ഉപയോഗശൂന്യമായ ഉൽപന്നങ്ങളാണ് ഓൺലൈൻ വ്യാപാര കമ്പനി നൽകിയതെന്ന നിലയിൽ പരാതിയുമായി തിരിച്ചയച്ച സംഭവങ്ങൾ കൂടിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഉപഭോക്താക്കൾ കാൻസൽ ചെയ്ത സാധനങ്ങൾ തിരികെ അയയ്ക്കാൻ വച്ചതും ഇവർ കവരുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.