മകളുടെ മാല പൊട്ടിച്ചോടി; ആക്രമിച്ചു; ക്വട്ടേഷൻ നൽകിയത് അമ്മ

ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം യുവതിയുടെ അമ്മ നൽകിയ ക്വട്ടേഷൻ. സംഭവത്തിൽ യുവതിയുടെ അമ്മ പൊലീസ് പിടിയിലായി. 

കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകൾ കൊട്ടാരക്കര പുലമൺ ജംക്‌ഷനിൽ വാടകയ്ക്ക് താമസിക്കുന്ന അഖിനയും ഭർത്താവ് ജോബിനും കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഇവരെ സ്കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ആക്രമണം നടത്തിയയവരെ പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികൾ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. 

മരുമകൻ പറഞ്ഞാൽ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിൻ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിൻഷായ്ക്ക് ക്വട്ടേഷൻ നൽകിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇൻസ്പെക്ടർ വി.എസ്. ശിവപ്രകാശ്, എസ്ഐ സി.ബാബുക്കുറുപ്പ്, ഡാൻസാഫ് എഎസ്ഐ ആഷിർ കോഹൂർ, സിപിഒമാരായ വിബു, മഹേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.