ചെമ്പരിക്ക ഖാസിയുടേത് കൊലപാതകം; ആരോപണത്തിൽ ഉറച്ച് ജനകീയ കമ്മീഷന്‍

കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍. ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ യുക്തിക്ക് നിരക്കാത്തതാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ വീണ്ടും കോടതിയെ സമീപിക്കും. 

2010 ഫെബ്രുവരി 15നാണ് സി.എം. അബ്ദുല്ല മൗലവിയെ കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈബ്രാഞ്ചും ശേഷം സിബിഐയും കേസ് അന്വേഷിച്ചു. ആത്മഹത്യയാണെന്നാണ് എല്ലാവരുടേയും കണ്ടെത്തല്‍. എന്നാല്‍ ശാസ്ത്രീയമായ തെളിവു ശേഖരണം നടത്താതെയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍ വാദിക്കുന്നു. ഖാസിയുടെ സന്തതസഹചാരി ആയിരുന്ന ഡ്രൈവര്‍ ഹുസൈനെപറ്റി അന്വേഷണം നടന്നിട്ടില്ല. ഖാസിയുടെ മരണത്തിന് ശേഷം  ഹുസൈന്‍ കോടീശ്വരനായി മാറിയതിനെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. 

പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും കൃതൃമമായ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാനും ശ്രമിച്ച അന്നത്തെ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍റെ പേരില്‍ വകുപ്പ് തല അന്വേഷണം നടത്തിയാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് ജനകീയ അന്വേഷണ കമ്മീഷന്‍റെ പ്രതീക്ഷ.