‘എന്തിനാടാ അമ്മയെ കൊന്നത്; ചോദിച്ചാൽ സ്വർണം നിനക്ക് തരില്ലേ’; കൂസലില്ലാതെ പ്രതി

‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് കുലുങ്ങിയില്ല. യാതൊരു ഭാവവ്യത്യാസമവുമില്ലാതെ പ്രതി നിന്നു. കൊച്ചുമകനെ പോലെ സ്നേഹിച്ചവൻ കുറച്ച് സ്വർണത്തിന് വേണ്ടി ആ അമ്മയുടെ ജീവൻ എടുത്തെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. തിരുവനന്തപുരം തിരുവല്ലത്ത് നടന്ന ഒരു വയോധികയുടെ കൊലപാതകമാണ് കഴിഞ്ഞ ആഴ്ച കേരളത്തിന്‍റെ നൊമ്പരമായത്. 78 കാരി ജാന്‍ ബീവി സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകന്‍ ബിരുദധാരിയായ അലക്സ് ഗോപനാണ് ആ അരുംകൊല നടത്തിയത്. വിഡിയോ സ്റ്റോറി കാണാം.

ആറാം ക്ലാസ് മുതല്‍ മുത്തശ്ശിയോടപ്പമാണ് അലക്സ് ഈ വീട്ടിലേക്ക് എത്തിയത്. അന്നുമുതല്‍ വീട്ടില്‍ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം. മറ്റു ചെറുമക്കളേ പോലെ നാനി എന്നാണ് ചാന്‍ ബീവിയേ അലക്സും വിളിച്ചിരുന്നത്. പക്ഷെ ആ വിളി ഒരു കൊലാപാതയിയുടേതായിരുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് ഇപ്പോഴാണ്. ക്രിസ്മസിന് ചാന്‍ ഉമ്മയേയും കുടുംബത്തേയും വീട്ടിലേക്ക് വിളിച്ച് വിരുന്ന് നല്‍കിയിരുന്നു അലക്സ്. ഭക്ഷണം വിളമ്പി കൊടുത്തതും അലക്സ് തന്നെ. പക്ഷെ അതു ഒരു മോഷണത്തിനുള്ള ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ ചാന്‍ ബീവി പറഞ്ഞയച്ചിരുന്നത് പലപ്പോഴും അലക്സിനെയായിരുന്നു. ബാക്കിവരുന്ന തുക മോനേ നീ വെച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ആ അമ്മ അറിയാതെ അലക്സ് പണം മോഷ്ടിച്ചു. പൊലീസില്‍ അന്ന് പറഞ്ഞിരുന്നെങ്കില്‍ ദാരുണമായി അമ്മ കൊല്ലപ്പെടുമായിരുന്നില്ല.

ജനുവരി എട്ടിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അലക്സ് വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപെടാനായിരുന്നു പദ്ധതി. എന്നും കണ്‍മുന്നിലൂടെ നടക്കുന്ന മകനെ ഹെല്‍മെറ്റിന്റെ മറയുണ്ടെങ്കിലും ആ അമ്മ മനസിലാക്കിയതോടെ കൊലപ്പെടുത്തി സ്വന്തം തടി സംരക്ഷിക്കാനാണ് അലക്സ് ശ്രമിച്ചത്.