മറയൂരിൽ സ്കൂളിൽ കവർച്ച; കംപ്യൂട്ടറും ഉപകരണങ്ങളും മോഷണം പോയി

ഇടുക്കി മറയൂരിലെ എല്‍പി സ്‌കൂളില്‍ നിന്ന് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. അധ്യാപകരുടെ പരാതിയില്‍ മറയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടാഴ്ചക്ക് മുന്‍പ് സമീപമുള്ള പോസ്റ്റ് ഓഫീസിലും മോഷണ ശ്രമം നടന്നിരുന്നു.

മറയൂര്‍ മൈക്കിള്‍ഗിരി എല്‍പി സ്‌കൂളില്‍ നിന്ന് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമാണ്  മോഷണം പോയത്. പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ശില്‍പവും, വിദ്യാര്‍ഥികളുടെ  കംപ്യൂട്ടർ മുറിയില്‍ നിന്ന്  പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. 

മറയൂര്‍  പൊലീസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഇതിന് മുന്‍പും  പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ വളപ്പിലും സമീപ പ്രദേശങ്ങളിലും സാമുഹിക വിരുദ്ധരുടെ ശല്യം അതിരൂക്ഷമാണെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് ആവശ്യമുയരുന്നത്.