ലക്ഷ്യം വിദ്യാർഥികൾ; കോട്ടയത്ത് ഒന്നരക്കോടിയുടെ ലഹരിമരുന്ന് വേട്ട

കോട്ടയം ജില്ലയിൽ ഒന്നരക്കോടി രൂപയുടെ നിരോധിത ലഹരിമരുന്ന് വേട്ട. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യം വച്ചായിരുന്നു ലഹരി ഉൽപന്നങ്ങൾ എത്തിച്ചത്. പാമ്പാടിയിലും കറുകച്ചാലുമായി നടന്ന റെയ്‌ഡിൽ ഒന്നര കോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പുകയില  ശേഖരം പിടികൂടിയത്. പാമ്പാടി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പൂതകുഴി ഭാഗത്ത്‌ താമസിക്കുന്ന ഷംസിന്റെ വാടക വീട്ടില്‍ നിന്നും 44 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 74700 പായ്ക്കറ്റ് പൊലീസ് പിടികൂടി. 

കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കങ്ങഴ ഭാഗത്ത് നെടുംകുന്നം ഗ്രാമപഞ്ചായത്ത്  5-ാം വാർഡിലെ കെട്ടിടത്തിൽ 50 പ്ലാസ്റ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 75000  പായ്ക്കറ്റ് ലഹരി വസ്തുക്കളും 60 പേപ്പർ ബോക്സുകളിലായി 3600 പായ്ക്കറ്റ്  സിഗരറ്റുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലവരും. സ്കൂള്‍ കോളജ് വിദ്യാർഥികൾക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും  വില്‍ക്കുന്നതിനാണ് ഇവസൂക്ഷിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.