പച്ചക്കറിവണ്ടിയില്‍ രണ്ടര ലക്ഷത്തിന്റെ ലഹരി മരുന്ന്; യുവാക്കള്‍ പിടിയിൽ

കര്‍ണാടയില്‍ നിന്നും വയനാട്ടിലേക്ക് പച്ചക്കറിവണ്ടിയില്‍ കടത്തിയ ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി  ആറ് യുവാക്കളാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്. 

ദേശീയപാതയ്ക്ക് സമീപം വൈത്തിരിയിലെ വാടകവീട്ടിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. മാണ്ഡ്യയില്‍ നിന്നും പച്ചക്കറികൊണ്ടുവരുന്ന വാഹനത്തിലാണ് ഇതെത്തിച്ചത്. വിപണിയില്‍ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന എം.ഡിഎം.എ എന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ചെറിയ അറുപതോളം പൊതികളാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. മലപ്പുറം, വയനാട് സ്വദേശികളായ ആറ് യുവാക്കളാണ് വൈത്തിരി പൊലീസിന്റെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കോഴിക്കോട് വയനാട് എന്നിവിടങ്ങളിലെത്തിക്കാനാണ് ലഹരിമരുന്നുകളെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.