കോവിഡ് ഭീതിക്കിടയിലും അരിക്കടത്ത്, മില്ലുടമ അറസ്റ്റിൽ

കോവിഡ് ഭീതിക്കിടയിലും കൊല്ലത്ത് റേഷന്‍ അരിക്കടത്ത്. പള്ളിത്തോട്ടത്തെ സ്വകാര്യ മില്ലില്‍ നിന്നു പത്തു ചാക്ക് അരി പിടിച്ചെടുത്തു. മില്ലുടമയെ പൊലീസ് അറസ്റ്റു ചെയ്തു. പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് നല്‍കേണ്ട അരിയാണിത്. പള്ളിത്തോട്ടത്തെ ഫാത്തിമ ഫ്ലവര്‍ മില്ലില്‍ റേഷനരി വ്യാപകമായി ശേഖരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 

പത്തു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന റേഷനരി കണ്ടെടുത്തു. മില്ലുടമ ഫാറുക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കിലോയ്ക്ക് എട്ടു രൂപ നല്‍കി ഉപഭോക്താക്കളില്‍ നിന്നാണ് അരി വാങ്ങിയതെന്നാണ് പ്രതിയുടെ മൊഴി.

അരിക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അതേ സമയം റേഷന്‍ കടകളില്‍ സാധനങ്ങള്‍ സ്റ്റോക്കില്ലെന്ന് വ്യാപക പരാതിയുണ്ട്.