നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച പതിവാകുന്നു

കോഴിക്കോട് തിക്കോടി എഫ്.സി.ഐ ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്ന് ബാറ്ററി കവര്‍ച്ച പതിവാകുന്നു. ഒരുമാസത്തിനിടെ ഇരുപതിലധികം ബാറ്ററികളാണ് രാത്രിയുടെ മറവില്‍ കവര്‍ന്നത്. ലോറി ഉടമകളും ഡ്രൈവര്‍മാരും ആശങ്കയിലാണ്. 

അറുപതിലധികം ലോറികളാണ് രാത്രിയില്‍ ഗോഡൗണിന് മുന്നില്‍ നിര്‍ത്തിയിടുന്നത്. ഡ്രൈവറും സഹായിയും ലോഡ് കയറ്റാനായി അടുത്തദിവസം രാവിലെയെത്തുന്നതാണ് രീതി. വാഹനം നീക്കിയിടാനുള്ള ശ്രമം പരാജയപ്പെടുമ്പോഴാണ് ബാറ്ററി നഷ്ടപ്പെട്ടതായി അറിയുന്നത്. ഒരുമാസത്തിനിടെ എട്ട് ലോറികളിലെ ബാറ്ററികളാണ് കവര്‍ന്നത്. ഓരോന്നിനും ഇരുപതിനായിരത്തിലധികം രൂപ വില വരും. ഇതിന് പുറമെ ലോറിയുടെ അധിക ടയറുള്‍പ്പെടെ കടത്തുന്നതും പതിവായിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. 

ലോറി ഉടമസ്ഥര്‍ തന്നെ രാത്രിയില്‍ കാവലിരുന്നെങ്കിലും ഫലമുണ്ടായില്ല. ശ്രദ്ധ മാറിയാലുടന്‍ ബാറ്ററിയും ടയറും നഷ്്ടപ്പെടുന്ന അവസ്ഥയാണ്. ലോറി ജീവനക്കാരുടെ നീക്കം കൃത്യമായി അറിയുന്നവാരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷയൊരുക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.