സർക്കാർ ബാലഭവനിലെ ആറുവയസുകാരന്റെ മരണം; അസ്വാഭാവികം; അന്വേഷണം തുടങ്ങി

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സിയിലെ അന്തേവാസിയായ ആറുവയസുകാരന്റെ മരണം അസ്വാഭാവികമെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഒാഫിസര്‍ ഷീബ മുംതാസ്. വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും അവര്‍ പറഞ്ഞു. ചേവായൂര്‍ പൊലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാവിലെ ആറരക്കാണ് എച്ച്.എം.ഡി.സിയിലെ കിടപ്പുമുറിയില്‍ ആറുവയസുകാരനെ സ്ഥാപനത്തിലെ ജീവനക്കാര്‍  മരിച്ച നിലയില്‍  കണ്ടത്. വയനാട് കൈതപ്പൊയില്‍ സ്വദേശിയായ കുട്ടിയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വയനാട് ശിശുക്ഷേമ സമിതി  കോഴിക്കോട് എത്തിച്ചത്. ഇവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. അസ്വാഭാവിക മരണമെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ ഒാഫിസര്‍ പ്രതികരിച്ചു.

മാനസിക പ്രശ്നം നേരിടുന്ന കുട്ടികളെ താമസിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണിത് 15 വയസുവരെയുള്ള ആറ് കുട്ടികള്‍ മരിച്ച കുട്ടിക്കൊപ്പം മുറിയിലുണ്ടായിരുന്നു. ശിശുക്ഷേമ സമിതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ചേവായൂര്‍ പൊലിസും  അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍  മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.