അതിർത്തി ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ കൈക്കൂലി ഒളിപ്പിക്കുന്നത് ഉണങ്ങിയ ഇളനീർ തൊണ്ടിനുള്ളിലും ഓഫിസിനു സമീപം മണ്ണിൽ കുഴിച്ചിട്ടും. സമയമാകുമ്പോൾ അതു മാറ്റാൻ പ്രത്യേകം ആളെത്തും. വിജിലൻസ് പരിശോധന തുടർച്ചയായതേ‍ാടെ പഴയരീതി ഏശാതെ വന്നപ്പേ‍ാഴാണ് ആർടി ഒ‍ാഫിസിലെ കൈക്കൂലിവീരന്മാരുടെ ഇളനീർതെ‍ാണ്ടിലേക്കുള്ള മാറ്റം.

 

കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ഗോവിന്ദാപുരം ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണത്തിന്റെ പുതിയ സൂക്ഷിപ്പുകേന്ദ്രങ്ങൾ കണ്ടെത്തിയത്. ചെക്പോസ്റ്റിനു സമീപം പുറത്ത് ഉണങ്ങിയ കരിക്കൻ തൊണ്ടുകൾ വ്യാപകമായി കൂട്ടിയിട്ടിരുന്നു. അതിലെ‍ാന്നിലാണ് പണം സൂക്ഷിച്ചിരുന്നത്. ഒറ്റന‍ോട്ടത്തില്‍ ആരും സംശയിക്കാത്ത ഇടപാട്. അതിർത്തി കടന്നെത്തുന്ന സംസ്ഥാന വാഹനങ്ങളിൽ നിന്നു കൈക്കൂലി വാങ്ങി ഓഫിസിലെത്തിക്കും. അവിടെ നിന്നു രായ്ക്കുരാമാനം പണം ഇത്തരത്തിൽ മാറ്റും.

 

വേഷം മാറിയെത്തിയ വിജിലൻസ് സംഘം രാത്രി 8 മുതൽ 11വരെ പരിസരം നിരീക്ഷിച്ചശേഷം ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നു കണക്കിൽപ്പെടാത്ത 1000 രൂപ പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിൽ ഓഫിസിനു സമീപം മണ്ണിൽ കുഴിച്ചിട്ട പണവുംകരിക്കിൻ തൊണ്ടിനുള്ളിലെ പണവും പണവും പിടികൂടി. നാല് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 8000 രൂപ.

 

പാലക്കാട് വിജിലൻസ് സിഐ പി.ജോൺ, എസ്ഐമാരായ പി.ജയശങ്കർ, എം.മണികണ്ഠൻ, എഎസ്ഐ അബ്ദുൽ സലിം, സുധീർ മൈലാടി, പി.ആർ.രമേഷ് എന്നിവരും ജില്ലാ ലേബർ ഓഫിസർ രാമകൃഷ്ണനും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.