കണ്ണ് സ്വത്തിൽ; പെറ്റമ്മയെ കൊന്ന് കെട്ടിത്തൂക്കി; ബിർജുവിന്റെ ജീവിതം സിനിമയെ വെല്ലുന്നത്

അമ്മയെ വകവരുത്തി സകല സ്വത്തും സ്വന്തമാക്കാമെന്ന ബിര്‍ജുവിനെ മോഹം ഒടുവില്‍ സ്വന്തം ജീവിതം ജയിലഴിക്കുള്ളിലാക്കി. കൃത്യമായ ആസൂത്രണത്തിനൊടുവില്‍ നടപ്പാക്കിയ കൊലപാതകം സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു. മൃതദേഹം മുറിച്ച് വേഗത്തില്‍ ചാക്കുകളിലാക്കി മറവ് ചെയ്യാന്‍ പ്രേരണയായത് പിതാവിനൊപ്പം പഴയകാലത്ത് നായാട്ടിനിറങ്ങിയതിന്റെ അനുഭവം. 

മികച്ച സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ബിര്‍ജുവിന്റേത്. പല തരത്തിലുള്ള ബിസിനസുകള്‍ നടത്തി പരാജയപ്പെട്ടതിന് പിന്നാലെ അമ്മ ജയവല്ലിയുടെ പേരിലുള്ള ഭൂമിയിലായിരുന്നു ബിര്‍ജുവിന്റെ കണ്ണ്. സ്വത്ത് പലതവണ എഴുതിനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജയവല്ലി നിരസിച്ചു. വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടം വന്നപ്പോഴാണ് സുഹൃത്തും കവര്‍ച്ചാക്കേസില്‍ പ്രതിയുമായ ഇസ്മയലിന്റെ സഹായം തേടിയത്. മൂന്നാമത്തെ ശ്രമത്തില്‍ ഇരുവരും തോര്‍ത്ത് മുണ്ടുകൊണ്ട് മുറുക്കി കൊലപ്പെടുത്തി ജയവല്ലിയെ ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തില്‍ പങ്കാളിയായതിന് രണ്ട് ലക്ഷം രൂപയാണ് ഇസ്മയില്‍ ആവശ്യപ്പെട്ടത്. ബിര്‍ജു പലകാരണങ്ങള്‍ പറ‍ഞ്ഞ് ഒഴിഞ്ഞുമാറി. 

പുറത്ത് പറയുമെന്ന് ഇസ്മയില്‍ ഭീഷണിപ്പെടുത്തിയതോടെയാണ് വകവരുത്തുന്നതിനുള്ള പദ്ധതിയിട്ടത്. കുടുബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് അയച്ച ശേഷം പണം നല്‍കാമെന്നറിയിച്ച് മണാശേരിയിലെ വീട്ടിലേക്ക് ഇസ്മയിലിനെ വിളിച്ചുവരുത്തി. മദ്യം നല്‍കി മയക്കിയ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അടുത്തദിവസം കട്ടാങ്ങലിലെ കടയില്‍ നിന്നാണ് ശരീരം മുറിക്കുന്നതിനുള്ള കത്തിയും മറവ് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറും നാല് ചാക്കുകളും ബിര്‍ജു വാങ്ങിയത്. ആദ്യം രണ്ട് കൈകളും, പിന്നീട് തലയും, കാലും അറുത്തുമാറ്റുകയായിരുന്നു. തലയും രണ്ട് കൈകളും ഒരു കവറിലാക്കി. ഇരുകാലുകളും ഓരോ പോളിത്തീന്‍ കവറുകളിലും ഉടല്‍ഭാഗം മറ്റൊരു പോളിത്തീന്‍ കവറിലുമാക്കി ചാക്കില്‍ കെട്ടിവച്ചു. 

ഓരോ ചാക്കും രാത്രിയില്‍ ബൈക്കിലെത്തിച്ച് അഗസ്ത്യമുഴി പാലത്തിലെത്തി പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഉടല്‍ഭാഗം എറിയുന്നതിന് മുന്‍പായി ആളുകള്‍ പിന്തുടരുന്നുവെന്ന് തോന്നി തിരുവമ്പാടി എസ്റ്റേറ്റിന് സമീപം മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയുകയായിരുന്നു. വൈകാതെ വീടും സ്ഥലവും വിറ്റ് നീലഗിരിയിലേക്ക് താമസം മാറ്റി. പിതാവിനൊപ്പം നായാട്ടിന് പോയ പരിചയമാണ് മൃതദേഹം കൃത്യമായി വെട്ടിനുറുക്കാന്‍ സഹായിച്ചതെന്നാണ് ബിര്‍ജുവിന്റെ കുറ്റസമ്മതം. 

കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയതെന്ന് ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ബിര്‍ജുവിന് മാത്രമാണ് പങ്കെന്ന കാര്യം അന്വേഷണസംഘം പൂര്‍ണമായി വിശ്വസിക്കുന്നില്ല.