പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്കു വിറ്റു; മുത്തശ്ശി അറസ്റ്റിൽ

ചെന്നൈ തിരുവാരൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ 20,000 രൂപയ്ക്കു വിറ്റ മുത്തശ്ശി അറസ്റ്റിൽ. 13, 14-ലും വയസുള്ള പേരക്കുട്ടികളെയാണ് ഇവർ വിൽപന നടത്തിയത്. കൂലിത്തൊഴിലാളിയായ പിതാവിന്റെയും മനോദൗർബല്യമുള്ള മാതാവിന്റെയും അറിവില്ലാതെയാണു കുട്ടികളെ കൈമാറിയതെന്നാണു വിവരം. സാമ്പത്തിക പ്രയാസം നേരിട്ടതിനെ തുടർന്നാണു കുട്ടികളെ വിറ്റതെന്നും മുത്തശ്ശി വിജയലക്ഷ്മി മൊഴി നൽകിയതായി അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടികളെ തിരുപ്പൂരിലെ സ്വകാര്യ ഫാക്ടറിയിൽ നിന്നു മോചിപ്പിച്ചു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്കു കൈമാറി. കഴിഞ്ഞ നവംബർ 20ന് ആണു കുട്ടികളെ കാണാതായത്. ഇടനിലക്കാരൻ മുഖേന ഓരോ കുട്ടിക്കും 10,000 രൂപവീതം വാങ്ങിയാണു വിൽപന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തായതെന്ന് തിരുവാരൂർ എസ്പി എം.ദുരൈ പറഞ്ഞു.  ബാലവേല നിരോധന നിയമപ്രകാരം വിജയലക്ഷ്മിക്കും ഇടനിലക്കാർക്കും എതിരെ കേസെടുത്തു.