ആളില്ലാത്ത വീടുകളുടെ വാതിൽ പൊളിച്ച് കവര്‍ച്ച; മോഷ്ടാവ് പിടിയിൽ

ആളില്ലാത്ത വീടുകളുടെ വാതിൽ പൊളിച്ച് കവര്‍ച്ച നടത്തുന്ന മോഷ്ടാവിനെ പാലക്കാട് തൃത്താല പൊലീസ് പിടികൂടി. പറളി സ്വദേശി ചേനത്തൊടി വീട്ടിൽ രാമചന്ദ്രനാണ് അറസ്റ്റിലായത്.

2018 മെയ് മാസത്തിൽ തൃത്താല പരുതൂർ പഞ്ചായത്തിലെ പാലത്തറ ഗേറ്റിൽ വെളുത്തേടത്ത് പള്ളിയാലിൽ അബ്ദുൾ ബഷീറിന്റെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് തിരയുകയായിരുന്നു. പത്ത് പവൻ സ്വർണമാണ് അന്ന് മോഷണം പോയത്. ഇൗ കേസിന്റെ അന്വേഷണത്തിലൊടുവിലാണ് പ്രതി രാമചന്ദ്രനെന്ന് തിരിച്ചറിഞ്ഞതും പിടികൂടുന്നതും.

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് രാമചന്ദ്രന്‍. ആളില്ലാതെ അടഞ്ഞ് കിടക്കുന്ന വീടുകളുടെ വാതിൽ  മുറിച്ച് മാറ്റുന്നതാണ് രീതി. തൃത്താലക്ക് പുറമെ പട്ടാമ്പി, കൊപ്പം, പാലക്കാട് പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. തെളിവെടുപ്പിന് ശേഷം ഹാജരാക്കിയ പ്രതിയെ പട്ടാമ്പി കോടതി റിമാന്‍ഡ്ചെയ്തു.