രണ്ടാനച്ഛൻ 11–കാരിയെ തടവിലാക്കിയത് 20 വർഷം; പീഡനത്തിലൂടെ 9 മക്കൾ; മരണംവരെ തടവ്

ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെ പതിനൊന്നാം വയസ്സിൽ തട്ടിക്കൊണ്ടുപോയി 20 വർഷം ഒളിവിൽ താമസിപ്പിച്ചു. 63–കാരനായ ഹെന്‍റി മൈക്കലിന് ആജീവനാന്തം തടവുശിക്ഷ വിധിച്ച് കോടതി. റോസ്‍ലിൻ മക്ഗിന്നിസിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതിനിടെ 9 മക്കളെ റോസ്‍ലിൻ പ്രസവിക്കുയും ചെയ്തു. ഒക്ലഹോമയിലാണ്  സംഭവം നടന്നത്. 1997–ൽ പതിനൊന്ന് വയസ് മാത്രം പ്രായമുള്ള റോസ്‍ലിനെ മൈക്കൽ തട്ടിക്കൊണ്ടുപോകുകയും മെക്സിക്കോയിലും യുഎസിലും മാറി മാറി ഒളിപ്പിച്ച് താമസിപ്പിക്കുകയുമായിരുന്നു. എല്ലാവരെയും ഇയാൾ വിശ്വസിപ്പിച്ചത് റോസ്‍ലിൻ മരിച്ചുവെന്നാണ്.19 വർഷം തടവിൽ കഴിഞ്ഞ റോസ്‍ലിൻ 2016–ലാണ് അവിടെ നിന്നും രക്ഷപെടുന്നത്. പുറത്തു വന്ന ഇവർ താൻ നേരിട്ട പീഡനം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലിസ് പിടികൂടിയ ഇയാളെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് കോടതിയിൽ ഹാജരാക്കുന്നത്.

കഴിഞ്ഞവർഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോസ്‍ലിൻ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്നുപോലും തനിക്ക് മനസ്സിലായിരുന്നില്ലെന്ന് റോസ്‍ലിൻ പറയുന്നു. ഭയചകിതയായി മൈക്കൽ പറയുന്നതുപോലെ ചെയ്യുക മാത്രമായിരുന്നു അന്നെന്നും അവർ പറയുന്നു. 12 വയസ്സുമാത്രമുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് ഇന്ന് ആശ്ചര്യപ്പെടുന്നുവെന്നും അവർ പറയുന്നു. റോസ്‍ലിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ മൈക്കലുമായി പ്രണയത്തിലാകുന്നത്. അക്കാലത്തുതന്നെ മൈക്കൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റോസ‌‌്‌‌ലിൻ പറയുന്നു.

റോസലിന്റെ അമ്മയെയും മൈക്കൽ മർദിക്കുമായിരുന്നു. മർദനം സഹിക്കവയ്യാതെ 1997-ൽ അമ്മ മൈക്കലുമായി പിണങ്ങി. ഇതിന് പ്രതികാരം വീട്ടാനാണ് അയാൾ ഇവരെ തട്ടിക്കൊണ്ടുപോയത്. 12-ാം വയസ്സിൽ റോസലിനെ ഒരു വാനിന്റെ പിന്നിൽവെച്ച് മൈക്കൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് കാർമികനായതാകട്ടെ, മൈക്കലിന്റെ 15 വയസ്സുള്ള മൂത്ത മകനും.15–ാം വയസിൽ റോസ്‍ലിൻ മൈക്കലിന്റെ ആദ്യ കുട്ടിയെ പ്രസവിച്ചു. തന്റെ ഒമ്പത് മക്കളും ബലാൽസംഗത്തിലൂടെ ഉണ്ടായതാണെന്നാണ് റോസ്‍ലിൻ പറയുന്നത്. പേരുമാറ്റിയും മുടിമുറിച്ച് രൂപം മാറ്റിയുമൊക്കെയാണ് റോസലിനെ പല സ്ഥലങ്ങളിലേക്കും മൈക്കൽ കൂട്ടിക്കൊണ്ടുപോയിരുന്നത്. അമേരിക്കയിലാകെ ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്ന് മൈക്കൽ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. 'ഭീകരതയുടെ രാജാവ്' എന്നാണ് കോടതി വിചാരണ സമയത്ത് മൈക്കലിനെ വിശേഷിപ്പിച്ചത്.