കെവിന്‍ വധക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കി മുന്‍എസ്ഐയുടെ മൊഴി

കെവിന്‍ വധക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിലാക്കി ഗാന്ധിനഗര്‍ മുന്‍എസ്ഐ എം.എസ്. ഷിബുവിന്‍റെ മൊഴി. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാവിലെ തന്നെ അറിയിച്ചിരുന്നതായി ഷിബു വിചാരണക്കിടെ മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ കൃത്യമായി അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്. 

കേസ് അന്വേഷണത്തില്‍ വരുത്തിയ വീഴ്ചകള്‍ ശരിവെച്ചുകൊണ്ടാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ്. ഷിബു കോടതിയില്‍ മൊഴി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ നീനുവിന്‍റെ മൊഴിരേഖപ്പെടുത്തിയില്ലെന്ന് ഷിബു സമ്മതിച്ചു. എന്നാല്‍ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നാണ് ഷിബുവിന്‍റെ മൊഴി.  2018 മേയ് 27നു രാവിലെ 6 ന് എഎസ്ഐ ബിജുവാണ് വിവരം അറിയിച്ചത്. ഏഴ് മണിക്ക് കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിനെ ഇക്കാര്യം ഫോണില്‍ അറിയിച്ചു. എഎസ്ഐ ബിജു ഇതിനോടകം വിവരം ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. 

താന്‍ വിളിച്ചപ്പോള്‍ ബിജു പറഞ്ഞ സംഭവം അല്ലെ എന്ന് ഡിവൈഎസ്പി തിരിച്ച് ചോദിച്ചതായും ഷിബു കോടതയില്‍ പറഞ്ഞു. ഉച്ചയ്ക്ക് മുന്‍പ് ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയേയും അറിയിച്ചു. ഉച്ചയ്ക്ക് രണ്ട്  മുതല്‍ അഞ്ചുവരെ മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ചുമതലയുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം തെന്‍മലയിലേക്ക് പോയതെന്നും ഷിബു മൊഴി നല്‍കി. പ്രതികള്‍ വിട്ടയച്ച അനീഷിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയില്ലെന്നും ഷിബു സമ്മതിച്ചു. ഉടനെ എഫ്ഐആർ ഇടേണ്ടതിനാലാണ് വളരെ ചുരുക്കി മൊഴി പറയാൻ ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുന്‍പ് കെവിനും നീനുവും സ്റ്റേഷനില്‍ എത്തിയതും ഷിബു സ്ഥിരീകരിച്ചു. 

ഒരു മാസത്തിനകം കെവിനുമായി നീനുവിന്റെ വിവാഹം നടത്താന്‍ തയ്യാറാണെന്ന് നീനുവിന്‍റെ പിതാവ് ചാക്കോ പറഞ്ഞിരുന്നു. ഈ ഉറപ്പിന്‍റെ ബലത്തില്‍ നീനുവുമായി സംസാരിക്കാൻ ചാക്കോയ്ക്ക് അവസരം നൽകി. പിന്നീട് ചാക്കോ നീനുവിനെ സ്റ്റേഷന് മുന്നില്‍വെച്ച് ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നും ബിജു മൊഴി നല്‍കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുവിന്‍റെ വിസ്താരം നാലര മണിക്കൂര്‍ നീണ്ടു.