ആഢംബര ബസുകളില്‍ വ്യാപകമായി ലഹരികടത്ത് നടക്കുന്നു: ഋഷിരാജ്

ആഢംബര ബസുകളില്‍ വ്യാപകമായി ലഹരികടത്തുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. യാത്രാക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനുള്ള പരിമിതിയാണ് പലരും ചൂഷണം ചെയ്യുന്നത്. പൊലീസിന്റെ സഹായത്തോടെ ദീര്‍ഘദൂര ബസുകളില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും ഋഷിരാജ് സിങ് കോഴിക്കോട് പറഞ്ഞു.

പതിവ് ഇടപാടുകാരാണ് ലഹരികടത്തിന് പിന്നില്‍. ബസ് ജീവനക്കാരുടെ അറിവോടെയുള്ള ലഹരിവരവ് വ്യാപകമാണ്. ആഢംബര ബസുകളില്‍ വ്യാപകമായി ലഹരിവരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ബസ് സ്റ്റേഷനുകളില്‍ വെറുതെ പോയി നിന്നാല്‍ നിങ്ങള്‍ക്ക് കാണാം. ചെറിയ പൊതികള്‍ പലരും യാത്രക്കാര്‍ക്ക് കൈമാറുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കടത്തുകാരാണ്. ട്രാവല്‍ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ അറിവുണ്ടാകാം 

യാത്രക്കാരെ വഴിയില്‍ തടഞ്ഞുള്ള പരിശോധന പലപ്പോഴും പ്രതിസന്ധിയാണ്. ഈ സാഹചര്യം മുതലെടുക്കുന്നവരുണ്ട്. പരമാവധി യാത്രക്കാരുടെ ലഗേജുകള്‍ ഞങ്ങള്‍ക്ക് പരിശോധിക്കാം. അതല്ലാതെ ബസിന്റെ അടിഭാഗത്ത് പൂട്ടി സൂക്ഷിച്ചിരിക്കുന്ന ലഗേജുകള്‍ പൂര്‍ണമായി പരിശോധിക്കുന്നത് നടക്കാത്ത കാര്യമാണ്. എങ്കിലും ശക്തമായ പരിശോധന ഞങ്ങള്‍ തുടരുന്നുണ്ട് . ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സംഘം നിലവിലുണ്ട്. പൊലീസിന്റെ സഹായത്തോടെ പരിശോധന വിപുലമാക്കുമെന്നും എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.