പൊലീസിനെ ആക്രമിച്ചോടി; കഞ്ചാവ് വിൽപ്പനസംഘം അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ പൊലീസിനെ ആക്രമിച്ച് കടന്ന് കളഞ്ഞ കഞ്ചാവ് വിൽപ്പനസംഘത്തിലെ നാല് പേർ അറസ്റ്റിൽ. രാജാക്കാട് സ്വദേശികളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് കഞ്ചാവ് വിൽപ്പന സംഘം പൊലീസിനെ ആക്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തെ പിടികൂടാനെത്തിയതായിരുന്നു വണ്ടിപ്പെരിയാർ പൊലീസ്. വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി പൊലീസിനെ ആക്രമിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട് സ്വദേശികളായ ഷൈൻ, ജിബിൻ, സ്റ്റാലിൻ, വിഷ്ണു എന്നിവരെ പിടികൂടിയത്. സംഘത്തിലെ ഒരാൾ കൂടി ഇനി പിടിയിലാവാനുണ്ട്. നക്ഷത്ര ആമ, ആനക്കൊമ്പ് വിൽപ്പന കേസുകളിൽ ഷൈൻ മുമ്പും പ്രതിയായിട്ടുണ്ട്. വധശ്രമം അടക്കമുള്ള കുറ്റം ചുമത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.