െബംഗളുരുവിലേക്കുളള മലയാളികളോടു ക്രൂരത, നടപടിയെടുക്കാതെ കര്‍ണാടക പൊലീസ്

ബംഗുളുരുവിലേക്കുളള മലയാളി യാത്രക്കാരെ ക്രൂരമായി ആക്രമിച്ച് പണവും സാധനങ്ങളും തട്ടുന്നത് പതിവായിട്ടും പിടിച്ചുപറി സംഘത്തനെതിരെ കാര്യമായ നടപടിയെടുക്കാതെ കര്‍ണാടക പൊലീസ്. കേരളത്തിലേക്കുളള യാത്രക്കിടെ പണം ആവശ്യപ്പെട്ട് തടഞ്ഞുവച്ച സംഘം  കൈകാലുകള്‍ തല്ലിയൊടിച്ച മലപ്പുറം ആനക്കയം സ്വദേശി കുന്നത്തൊടി റിയാസാണ് ഗുണ്ടാസംഘത്തിന്റെ ഒടുവിലത്തെ ഇര.

പുലര്‍ച്ചെ നാട്ടിലേക്കു വരുബോള്‍ ചെന്നപ്പട്ടണത്തു വച്ച് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഗുണ്ടാസംഘം വളഞ്ഞത്. രക്ഷപ്പെടാനായി സുഹൃത്ത് കാര്‍ മുന്നോട്ട് എടുത്തെങ്കിലും റിയാസിനെ ഗുണ്ടാസംഘം പിടികൂടി. കാറുമായി സുഹൃത്തു രക്ഷപ്പെട്ടതോടെ ക്രൂരമായ ആക്രമണം ആരംഭിച്ചു. ഇരു കൈകളും കാലുകളും തല്ലിയൊടിച്ചു. വളഞ്ഞിട്ടു മര്‍ദിച്ചു. ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം വരഞ്ഞു. സുഹൃത്ത് തിരികെയെത്തി അന്‍പതിനായിരം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നു പറഞ്ഞായിരുന്നു മര്‍ദനം. 

കാര്യമായൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ ദേശീയപാതയില്‍ നിന്ന് അല്‍പം ഉള്‍ഭാഗത്തേക്ക് കൊണ്ടുപോയി റിയാസിനെ ഉപേക്ഷിച്ചു. അതു വഴി വന്ന ഒാട്ടോ ഡ്രൈവറാണ് റിയാസിനെ ആശുപത്രിയിലാക്കിയത്.  നേരത്തെ കേരളത്തില്‍ നിന്നുളള കെ.എസ്.ആര്‍.ടി.സി ബസു പോലും ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ലോറി ജിവനക്കാരെ ആക്രമിച്ചും പണം തട്ടിയിരുന്നു. ബംഗുളുരു യാത്രക്കാര്‍ ഗുണ്ട പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തിന് ഇരയാവുന്ന സംവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കര്‍ണാടക സര്‍ക്കാര്‍ കാര്യമായ നടപടി എടുക്കുന്നില്ല. കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ ഇടപെടലുമില്ല.