പകൽ ലൈറ്റ് തെളിഞ്ഞുകാണുന്ന വീടുകൾ നോക്കി മോഷണം; അറസ്റ്റ്

മുപ്പതിലേറെ ഇടങ്ങളില്‍ മോഷണം നടത്തിയ തമിഴ്നാട് സംഘത്തെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിടികൂടി. മൊബൈല്‍ ടവറിന്റെ പണിക്കാരായ സംഘമാണ് വിവിധ നാടുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്നത്.

കന്യാകുമാരി സ്വദേശികളാണ് നാല് പേരും. മൊബൈല്‍ ടവറിന്റെ പണിക്കാരെന്ന പേരിലാണ് നാട്ടില്‍ കറങ്ങി നടക്കുന്നത്. പകല്‍ സമയത്ത് ലൈറ്റ് തെളിഞ്ഞ് കിടക്കുന്ന വീടേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അവിടെ ആളില്ലെന്ന് വിലയിരുത്തും. രാത്രി അവിടെ കയറി മോഷ്ടിക്കും. ഇതാണ് ഈ സംഘത്തിന്റെ മോഷണ രീതി. തിരുവനന്തപുരം കൊല്ലം കോട്ടയം അടക്കം വിവിധ ജില്ലകളിലായി മുപ്പതിലേറെ മോഷണങ്ങള്‍ നടത്തി. സ്വര്‍ണവും ലാപ്ടോപും മൊബൈലുമെല്ലാം മോഷ്ടിച്ചിട്ടുണ്ട്.

സംഘത്തിന്റെ പ്രധാനിയായ സുരേഷ് ഒരു മാസം മുന്‍പ് കോട്ടയത്ത് പിടിയിലായിരുന്നു. ഇതോടെ മോഷണം നിര്‍ത്തി മറ്റ് മൂന്ന് പേര്‍ ഒളിവില്‍ പോയി. കാഞ്ഞിരംകുളത്തെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലാകുന്നത്.