പെൺവാണിഭസംഘത്തിനെതിരെ പ്രവർത്തനം; സന്നദ്ധപ്രവർത്തകന് പരസ്യ മർദ്ദനം

മലപ്പുറം ഒാമാനൂരില്‍ സന്നദ്ധപ്രവര്‍ത്തകനെ മാഫിയസംഘം മര്‍ദിച്ചതായി പരാതി.  മാണിപറമ്പത്ത സലാമിനെയാണ് അങ്ങാടിയിലിട്ട് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. പെണ്‍വാണിഭസംഘത്തിനെതിരേയും ലഹരിമരുന്ന് മാഫിയക്കെതിരേയും പ്രവര്‍ത്തിച്ചതിതിന്‍റെ പേരിലാണ്  സലാമിന് മര്‍ദനമേറ്റതെന്നാണ്  പരാതി. 

തീണ്ടാപ്പാറ മലയിലെ പെൺവാണിഭ സംഘത്തിനെതിരെ വാർത്ത നൽകുകയും ലഹരി മരുന്ന് വിൽപനക്കാരെ കുറിച്ച്  എക്സൈസിന് വിവരം നൽകിതിനുമാണ് സലാമിനെ  മാഫിയസംഘം അങ്ങാടിയിയിലിട്ട് മര്‍ദിച്ചത്.  സന്നന്ധ പ്രവർത്തകനും ട്രോമാകെയർ വളണ്ടിയറുമാണ്  മാണി പറമ്പത്ത് സലാം. ഗുരുതര പരുക്കേറ്റ സലാമിനെ കൊണ്ടോട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  തലക്കേറ്റ പരുക്ക് കാരണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഓമാനൂരിലെ ലഹരി മരുന്ന് സംഘത്തെ കുറിച്ച് പോലീസിനും എക്സൈസിനും  വിവരം നൽകി എന്നതും  കല്ല് വെട്ടിനെതിരെ പരാതി നൽകിയതും ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന്  സലാം പറഞ്ഞു. 

ഓമാനൂർ അങ്ങാടിയിലെ ഈ മാഫിയാ സംഘം നാട്ടിൽ ഗുണ്ടകളായി പ്രവർത്തിക്കുന്നതായും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായും ആരോപണമുണ്ട്. മാസങ്ങൾക്ക് മുമ്പ് എടവണ്ണപ്പാറയിൽ നിന്ന് ഒരു യുവാവിനെ തട്ടികൊണ്ടു വന്ന്  മുറിയിലിട്ട് മര്‍ദിച്ചതും ഈ സംഘമാണെന്ന് പരാതിയുണ്ട്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ശകതമായ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.