ഇടതുകാൽ ഒടിഞ്ഞ നിലയിൽ റയിൽവേ മേൽപാലത്തിനു താഴെ ഒന്നരവയസുകാരിയുടെ മൃതദേഹം

തൃശൂര്‍ ആളൂര്‍ റയില്‍വേ മേല്‍പാലത്തിനു താഴെ ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇടതുകാല്‍ ഒടിഞ്ഞ നിലയിലാണ്. കുട്ടിയെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. ട്രാക്കിനോട് ചേര്‍ന്ന പൊന്തക്കാട്ടില്‍ കണ്ടെത്തിയത്. ഇതുവഴിനടന്നുപോകുകയായിരുന്ന നാട്ടുകാരില്‍ ഒരാളാണ് ആദ്യം കണ്ടത്. 

ഉടനെ, ആളൂര്‍പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ പരിശോധനയില്‍ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇടതുകാല്‍ ഒ‍ടിഞ്ഞിട്ടുണ്ട്.നെറ്റിയിലും മുറിവുണ്ട്. രണ്ടു സാധ്യതകളാണ് പൊലീസ് അന്വേഷിക്കുന്നത്.ട്രെയിനില്‍ നിന്ന് വീണതാണോ അതോ കുഞ്ഞിനെ തള്ളിയിട്ടതാണോയെന്നും അന്വേഷിക്കുന്നു.റയില്‍വേ ട്രാക്കിനു സമീപത്ത് വീടുകളുണ്ട്. അസമയത്ത് ആരേയും ഈ പരിസരത്ത്കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ട്രെയിനില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ വീണതാണെങ്കില്‍ ഏതെങ്കിലുംസ്റ്റേഷനുകളില്‍ പൊലീസിന് ഇതിനോടകം പരാതി ലഭിച്ചേനെ. ഇതുവരെ, അങ്ങനെയൊരുപരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായത്.കുഞ്ഞിനെ തിരിച്ചറിയുകയാണ് പ്രധാന വെല്ലുവിളി. റയില്‍വേ ട്രാക്കിന്റെപരിസരത്ത് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നുംലഭിച്ചിട്ടില്ല. ഫൊറന്‍സിക് വിദഗ്ധരും ഡോഗ്സക്വാഡും വിശദമായ പരിശോധനനടത്തി. ആളൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല.