ജസ്ന തിരോധാനം; അന്വേഷണം പേരിനുമാത്രം; തുമ്പില്ലാതെ പൊലീസ്

പത്തനംതിട്ട മുക്കുട്ടുതറയില്‍ നിന്ന് ജസ്ന മരിയ ജയിംസിനെ കാണാതായി ആറുമാസം തികഞ്ഞിട്ടും ഒരുപുരോഗതിയുമില്ലായെ അന്വേഷണം. പ്രളയത്തോടെ മാന്ദ്യത്തിലായ അന്വേഷണത്തിന് ഇതുവരെ ജീവന്‍ വച്ചിട്ടില്ല. പേരിന് മാത്രമായി നടക്കുന്ന അന്വേഷണത്തില്‍  ഫോണ്‍കോള്‍ പരിശോധനക്കപ്പുറം ഒരിഞ്ച് മുന്നേറാന്‍ഉദ്യോഗസ്ഥര്‍ക്കായിട്ടുമില്ല.  

മാര്‍ച്ച് 22നാണ് ജസ്ന മരിയ ജയിംസിനെ മുക്കുട്ടുതറയില്‍ നിന്ന് കാണാതായത്. ഫോണ്‍കോളുകളുകള്‍ക്കും അഭ്യുഹങ്ങള്‍ക്കും പിന്നാലെ പോയതല്ലാതെ ഇതുവരെ അന്വേഷണത്തില്‍ ഒരിഞ്ച് മുന്നേറാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ മുറയ്ക്ക് അവലോകന യോഗം ചേരാറുണ്ടായിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ അവലോകന യോഗം പോലും പേരിന് മാത്രമായി. രണ്ടുലക്ഷം ഫോണ്‍കോളുകള്‍ ശേഖരിച്ചതില്‍ നിന്ന് തിരഞ്ഞെടുത്ത മുന്നൂറോളം കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ജസ്നയെ കണ്ടുവെന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥനത്തിനകത്തും, പുറത്തും പൊലീസ് സന്ദര്‍ശനം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ആറുതവണയാണ് ബെഗലൂരുവില്‍ മാത്രം അന്വേഷണസംഘം എത്തിയത്. മുണ്ടക്കയത്തെ സി.സി.ടിവിയില്‍ ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യം ലഭിച്ചതുമാത്രമാണ് ഏക തുമ്പ്. പ്രത്യേക അന്വേഷണസംഘം നിലനില്‍ക്കുന്നുണ്ടെങ്കിലും അവരാരും അന്വേഷണത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. 

അന്വേഷണ സംഘത്തലവന്‍ മനോജ് എബ്രാഹാം ഇതുവരെ സ്ഥലത്ത് എത്തിയിട്ടുപോലുമില്ല. ആണ്‍സുഹൃത്തിനെയും കുടുംബാംഗങ്ങളേ.ും മണിക്കുറുകളോളം ചോദ്യം ചെയ്തെങ്കിലും ആറുമാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ ഒരുപുരോഗതിയും ഉണ്ടാക്കാന്‍ ആയിട്ടില്ല.