അനധികൃത മദ്യനിര്‍മാണ യൂണിറ്റ്; ആശങ്കയകറ്റാൻ എക്സൈസ് വകുപ്പ്

കോഴിക്കോട് കുന്ദമംഗലത്ത് അനധികൃത മദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തിയതിന് പിന്നാലെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടിയുമായി എക്സൈസ്. പിടിയിലായ ജിനോ സെബാസ്റ്റ്യന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്ന മദ്യശേഖരം പൂര്‍ണമായും കണ്ടെത്തണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. വ്യാജമദ്യമായതിനാല്‍ അത്യാഹിതങ്ങളൊഴിവാക്കാനുള്ള കൃത്യമായ ഇടപെടലുണ്ടാകണമെന്നാണ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടത്. 

കഴിഞ്ഞദിവസം കുന്ദമംഗലത്ത് കണ്ടെത്തിയ വ്യാജമദ്യനിര്‍മാണ യൂണിറ്റാണ് എക്സൈസിന്റെ ആശങ്ക കൂട്ടുന്നത്. എത്ര ബോട്ടില്‍ മദ്യം വില്‍പന നടത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്പിരിറ്റിന്റെ ചേരുവകള്‍ കൃത്യമായല്ലെങ്കില്‍ വന്‍ അത്യാഹിതത്തിനിടയാക്കും. പിടിയിലായ ജിനോ സെബാസ്റ്റ്യന്‍ പതിവായി മദ്യം കൈമാറിയുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് എക്സൈസ്. ജിനോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പതിനൊന്ന് ചെറുകിട വില്‍പനക്കാര്‍ നിരീക്ഷണത്തിലാണ്. ആവശ്യക്കാര്‍ക്ക് നല്‍കുന്നതിന് മുന്‍പ് മദ്യശേഖരം നശിപ്പിക്കുന്നതിനുള്ള നടപടി വേണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ശക്തമായ പരിശോധനയെത്തുടര്‍ന്നാണ് ലഹരിവില്‍പനയിലുള്ള കൂടുതലാളുകള്‍ പിടിയിലാകുന്നത്. 

മാഹിയില്‍ നിന്നുള്ള മദ്യവരവ് പരിശോധിക്കുന്ന അഴിയൂര്‍ ചെക്പോസ്റ്റില്‍ നിലവിലുള്ള പ്രത്യേക സംഘത്തിന്റെ സാന്നിധ്യം തുടരും. മുന്‍കാലങ്ങളില്‍ ലഹരികടത്തിനും മദ്യവില്‍പനയിലും പിടിയിലായ ജയില്‍മോചിതരും നീരീക്ഷണത്തിലാണ്. ഡെപ്യുട്ടി എക്സൈസ് കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.