സംസ്ഥാനത്തെ ജയിലില്‍ നടന്ന ആദ്യരാഷ്ട്രീയകൊലപാതക കേസിന്റെ വിചാരണ ആരംഭിച്ചു

സംസ്ഥാനത്തെ ജയിലില്‍ നടന്ന ആദ്യരാഷ്ട്രീയകൊലപാതക കേസിന്റെ വിചാരണ ആരംഭിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ.പി.രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് തലശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്. 

2004 ഏപ്രില്‍ ആറിന് വൈകിട്ട് മൂന്ന്മണിക്ക് ഏഴാംബ്ലോക്കിന്റെ മുറ്റത്തുവച്ചാണ് രവീന്ദ്രന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രവീന്ദ്രന്‍ അവിടെവച്ചാണ് മരിച്ചത്. രാഷ്ട്രീയവിരോധം കാരണം തടവുകാരായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചും കുത്തിയും കൊന്നെന്നാണ് കേസ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ മൂപ്പത്തിയൊന്നുപേരാണ് പ്രതികള്‍. ഇരുമ്പ് വടിയും മരവടിയും ഉപയോഗിച്ചാണ് രവീന്ദ്രനെ ആക്രമിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളുള്ള കേസിന്റെ വിചാരണ ഈമാസം ഇരുപത്തിനാല്്വരെ നീളും. ഒന്നും രണ്ടും സാക്ഷികളായ ജയില്‍ ഉദ്യോഗസ്ഥരുടെ വിസ്താരമാണ് ആദ്യദിനം നടന്നത്.