ജ്വല്ലറി കുത്തിത്തുറന്ന് കവർച്ചനടത്തിയത് സുഹൃത്തുക്കൾ

ആലപ്പുഴ മുല്ലയ്ക്കലിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച നടത്തിയത് ഇരുപത് വയസു തികയാത്ത രണ്ടുസുഹൃത്തുക്കള്‍. കേസിലെ പ്രധാനപ്രതി ആര്യാട് സ്വദേശി സജീറിനെ കവര്‍ച്ച നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് അറസ്റ്റുചെയ്തു. മോഷണ മുതലുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേരും പിടിയിലായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒന്നരയോടെയാണ് മുല്ലക്കലിലെ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറന്ന് സജീര്‍ അകത്തുകടന്നത്. സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ മുഖം മറച്ചു. സുഹൃത്തായ ഇജാസ് കടയുടെ പുറത്ത് കാവല്‍നിന്നു. ഒരു കിലോഗ്രാമിനടുത്ത് സ്വര്‍ണമാണ് മോഷ്ടിച്ചത്. അത്യാവശ്യത്തിന് എടുത്ത് വില്‍പന നടത്തിയ ശേഷം ബാക്കി വണ്ടാനം മെഡിക്കല്‍ കോളജിനടുത്ത് കുഴിച്ചിട്ടു. ചെറിയ മോഷണങ്ങള്‍ നടത്തി വന്ന ഇരുവരും ലഹരി ഉപയോഗത്തിന് പണംലഭിക്കാനാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

മോഷണമുതലുകൾ വിൽക്കാനും ഒളിപ്പിക്കാനും സഹായിച്ചതിനാണ് കാർത്തികപ്പള്ളി സ്വദേശിനി സുധ, മകൻ രാകേഷ്, ആലപ്പുഴ കൊമ്മാടി സ്വദേശിനി സൗമ്യ എന്നിവരെ പിടികൂടിയത്. കഞ്ചാവുകേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യിലിനിടെയാണ് മുഖ്യപ്രതിയായ സജീര്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഇജാസ് ഓടി രക്ഷപ്പെട്ടു. ഇജാസിനെക്കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.