സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോ കാസ്റ്റിൽ കോടികളുടെ വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ വൈദ്യുതി ലാഭിക്കാനായി കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച സോളാർ പ്ലാന്റുകൾ നോക്കുകുത്തിയായി കിടക്കുന്നു. സംസ്ഥാന സർക്കാരിന്റെ തന്നെ സ്ഥാപനമായ ഇൻകെല്ലിന് മുഴുവൻ തുകയും നൽകാത്തതിനാലാണ് ഓട്ടോകാസ്റ്റിന് സൗരോര്‍ജ പ്ലാന്റ് ഉപയോഗിക്കാനാകാത്തത്.
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആധുനിക വ്യവസായ ശാലകളിൽ ഒന്നാണ് ചേർത്തല തിരുവിഴയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡ്. സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടു പോകുന്ന ഓട്ടോകാസ്റ്റിന് 48 കോടിയോളം രൂപയാണ് വൈദ്യുതി ബിൽ കുടിശിക . വൈദ്യുതി ബിൽ കുറച്ചു കൊണ്ടുവരുന്നതിനാണ് കോടികൾ മുടക്കി ഓട്ടോകാസ്റ്റ് പരിസരത്ത് സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്.
10 കോടി രൂപ മുതൽ മുടക്കിലാണ് ഇൻകെൽ സൗരോര്‍ജ പ്ലാന്റ് നിർമിച്ചത്. മാസങ്ങളായിട്ടും പ്ലാന്റ് കൈമാറിയിട്ടില്ല. 5 കോടി രൂപ ഇനിയും ഇൻകെലിന് നൽകാനുണ്ട്. ബിൽ കുടിശിക കോടികളായതിനാൽ കെ.എസ് ഇബിക്കും താൽപര്യമില്ല. വ്യവസായ വകുപ്പിന്റെ ഇടപെടൽ കാര്യമായി ഉണ്ടാകുന്നില്ല എന്ന പരാതി ജീവനക്കാർക്കിടയിൽ വ്യാപകമാണ്.
Solar plant at Cherthala autocast remains not working.