‘ഇത് കേരളത്തിനെതിരായ വെറുപ്പ്’; വ്യാജ പാഠ പുസ്തകത്തില്‍ പരാതി നല്‍കി മന്ത്രി

കേരള സർക്കാരിന്‍റെ പാഠപുസ്തകം എന്ന നിലയിൽ എക്സില്‍ വ്യാജചിത്രം പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്.  സംഭവത്തിൽ ഡി.ജി.പിയ്ക്ക് പരാതി നൽകിയത്. മിസ്റ്റര്‍ സിന്‍ഹ എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമിൽ കേരള സർക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തിൽ നിന്നുള്ള പേജുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ സ്രഷ്ടാവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

രണ്ട് കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് കേരളത്തിലെ പാഠംപുസ്കത്തിലെ പേജ് എന്ന പേരില്‍ പ്രചരിക്കുന്നത്. ഇതില്‍ രണ്ട് കച്ചവടക്കാരെയും കുട്ടികളെയും കാണാം. ഇതില്‍ മുസ്‍ലിം മതവിഭാഗത്തിപ്പെട്ടയാളുടെ കട വൃത്തിയുള്ളതും. ഹിന്ദുനാമദാരിയായ ആളുടെ കട വൃത്തിഹീനവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ കാര്‍ട്ടൂണില്‍  രണ്ട് കുട്ടികളെയാണ് കാണിക്കുന്നത്. ഇതില്‍ അഭിമന്യൂ എന്ന് പേരുള്ള കുട്ടി കൈ കഴുകാറില്ലെന്നും അവന്‍റെ പല്ലുകള്‍ക്ക് മഞ്ഞ നിറമാണെന്നും വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അവന്‍ മുടി ചീകാറില്ലെന്നും വസ്ത്രത്തില്‍ അഴുക്കാണെന്നുമാണ് പറയുന്നത്. ശേഷം നിങ്ങള്‍ക്ക് അഭിമന്യുവിനെ ഇഷ്ടപ്പെടുമോ എന്നും ചോദ്യമുണ്ട്. രണ്ടാമത് കാണിക്കുന്നത് ആദില്‍ എന്ന് പേരുള്ള കുട്ടിയെയാണ്. ആദില്‍ എപ്പോഴും സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കാറുണ്ടെന്നും നല്ല ശീലങ്ങള്‍ പാലിക്കാറുണ്ടെന്നുമാണ് കാര്‍ട്ടൂണില്‍ കാണിക്കുന്നത്. 

കേരളത്തില്‍ ഹിന്ദുക്കളെ വൃത്തിയില്ലാത്തവരായി കാണിച്ച് കുട്ടികള്‍ക്കുള്ളില്‍ ഹിന്ദുക്കളോട് വെറുപ്പ് കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് സിന്‍ഹ അടക്കമുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നത്. കേരളത്തിന്‍റെ മുസ്‍ലിം പ്രീണനമാണിതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. 

ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുസ്തകമല്ലെന്നും കേരളത്തെക്കുറിച്ച് വെറുപ്പ് പടര്‍ത്താനുള്ള മറ്റൊരു ശ്രമമാണിതെന്നും വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്നും നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. 

Enter AMP Embedded Script